തിരുവനന്തപുരം (Thiruvananthapuram ): ആറ്റുകാൽ ക്ഷേത്ര(Attukal Temple) ത്തിലേക്കുള്ള വഴികളിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലുമെല്ലാം പൊങ്കാലക്കലങ്ങൾ വിൽപനയ്ക്കു നിരന്നു. നിരത്തുകളിൽ അടുപ്പുകൂട്ടാൻ ഇടം പിടിച്ച് നേരത്തെ തന്നെ കല്ലുകൾ നിറഞ്ഞു. ഇടവഴികളിൽ പോലും പേരെഴുതി ‘ബുക്ക്ഡ്’ എന്നു കുറിച്ച കടലാസുകളും കയറുകളും കാണാം. ഉത്സവത്തോടടുക്കുമ്പോൾ നഗരം സാഗരമാക്കുന്ന ജനക്കൂട്ടം. മണിക്കൂറുകൾ വരിയിൽ കാത്തു നിന്ന് ക്ഷേത്രത്തിനുള്ളിലേക്കു കടക്കുന്ന ഭക്തർ. കവലകളിലെല്ലാം ഭക്തിഗാന മഴ. വൈദ്യുത ദീപാലങ്കാരം. കളിക്കോപ്പുകളും ഫാൻസി സാധനങ്ങളും മുതൽ വീട്ടു സാമഗ്രികളും ഭക്ഷണ സാധനങ്ങളും വിൽപനയ്ക്ക് ഒരുക്കിയ തെരുവു കടകൾ, സ്റ്റാളുകൾ.
വെയിലാറുമ്പോഴേക്കും കവലകളിലെയും ക്ഷേത്ര പരിസരത്തെയും വേദികളിൽ കലാപരിപാടികൾ. ദേവീ ചിത്രത്തെ പൂക്കളാൽ അലങ്കരിച്ചു വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ച പൂജാ മണ്ഡപങ്ങൾ. നഗരത്തെയാകെ ഉത്സവത്തിമിർപ്പിലേക്കെത്തിക്കുന്ന ശബ്ദഘോഷം.ക്ഷേത്ര നടയിലെ തോറ്റംപാട്ട് പന്തലിൽ ഇന്നലെ ദരിദ്രനായിത്തീർന്ന കോവലൻ നിത്യവൃത്തിക്കായി കണ്ണകിയുടെ കാൽച്ചിലമ്പ് വിൽക്കാൻ കൊണ്ടു പോകുന്ന കഥ അവതരിപ്പിച്ചു. ചിലമ്പുമായി പോകുന്ന കോവലനെ മധുരയിലെ സ്വർണപ്പണിക്കാരൻ, രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചതു കോവലനാണെന്ന് ആരോപിച്ച് പാണ്ഡ്യ രാജ സദസ്സിൽ എത്തിക്കുന്ന രംഗം ഇന്ന് പാടും.
ആറ്റുകാലിൽ ഇന്ന്
പള്ളിയുണർത്തൽ 4.30, നിർമാല്യം 5.00, ഉഷപൂജ, ഉഷശ്രീബലി 6.40, കളഭാഭിഷേകം 7.15, പന്തീരടിപൂജ 8.30, ഉച്ചപൂജ 11.30, ഉച്ചശ്രീബലി 12.30, നട അടയ്ക്കൽ 1.00, നടതുറക്കൽ വൈകിട്ട് 5.00, ഭഗവതിസേവ 7.15, അത്താഴപൂജ 9.00, അത്താഴശ്രീബലി 9.30, പള്ളിയുറക്കം, നട അടയ്ക്കൽ 1.00