തിരുവനന്തപുരം (Thiruvananthapuram) : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 13ന്. മാർച്ച് അഞ്ച് ബുധനാഴ്‌ച രാവിലെ 10ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പൊങ്കാല മഹോത്സവം ആരംഭിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മാർച്ച് അഞ്ച് മുതൽ 14 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം.
ഇത്തവണ പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചു വേണം പൊങ്കാല അർപ്പിക്കാനെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ശുചിത്വ മിഷനുമായി ചേർന്ന് ‘ഹരിത പൊങ്കാല, പുണ്യം പൊങ്കാല’ ക്യാമ്പയിനും ഉറപ്പാക്കും. ക്ഷേത്ര വളപ്പിലെ കച്ചവട സ്ഥാപനങ്ങൾക്ക് ഇത്തവണ ലൈസൻസ് നിർബന്ധമാണെന്നും പൊങ്കാല ദിവസം ഭക്തജനങ്ങൾക്ക് ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകൾ ഭക്ഷ്യ സുരക്ഷ വകുപ്പ്, തിരുവനന്തപുരം നഗരസഭ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എന്നിവിടങ്ങളിൽ നിന്നും അനുമതി തേടണമെന്നും ക്ഷേത്ര ഭാരവാഹികൾ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷം കുത്തിയോട്ടത്തിനായി 592 ബാലന്മാരാണുണ്ടാവുക. ക്ഷേത്ര വളപ്പിൽ അംബ, അംബിക, അംബാലിക എന്നീ മൂന്നു വേദികളിലായി നടക്കുന്ന കലാപരിപാടികൾ മാർച്ച് അഞ്ചിന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ അംബാ വേദിയിൽ ചലച്ചിത്ര താരം നമിത പ്രമോദ് നിർവഹിക്കും. ഇത്തവണത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം ഗായിക കെ ഓമനക്കുട്ടിക്ക് സമർപ്പിക്കും.
മാർച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ അവലോകനം യോഗം ചേരും. നടപന്തലിന് സമീപം ക്ഷേത്രത്തിൽ എത്തുന്നവർക്കായി മൊബൈൽ ഫോൺ, ചെരുപ്പ് സൂക്ഷിപ്പു കൗണ്ടർ ഒരുക്കുമെന്നും പൊങ്കാല അർപ്പിക്കുന്നവർ റോഡിലെ നടപ്പാതയിൽ പൊങ്കാലയിടരുതെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പൊങ്കാല ദിവസം കോട്ടൺ വസ്‌ത്രങ്ങൾ പരമാവധി ഉപയോഗിക്കണം, ഭക്ഷണം കഴിക്കാൻ വേണ്ട സ്റ്റീൽ പത്രങ്ങൾ ഭക്തജനങ്ങൾ കൊണ്ടു വരണം, പൊങ്കാലയ്‌ക്കെത്തുന്നവർ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും ഒഴിവാക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.