Wednesday, March 12, 2025

അനന്തപുരി ഉത്സവലഹരിയില്‍, ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് ; തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍

Must read

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി രണ്ട് നാള്‍. തലസ്ഥാനത്തെ എല്ലായിടത്തും ആറ്റുകാല്‍ പൊങ്കാലയ്ക്കുളള ഒരുക്കങ്ങളാണ്. മാര്‍ച്ച് 13 ന് നടക്കുന്ന പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 13ന് രാവിലെ 10ന് ദേവിയെ പാടി കുടിയിരുത്തിയ ശേഷം രാവിലെ 10.15ന് പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് തീ പകരും. ഇതോടെ ക്ഷേത്ര പരിസരത്തു നിന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടരും. കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടനെ ശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി തന്ത്രിയുടെ സാന്നിധ്യത്തില്‍ ദീപം പകര്‍ന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിക്കുന്നു. അതേ ദീപം സഹ ശാന്തിമാര്‍ക്കു കൈമാറും. സഹശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍ വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും തീകത്തിക്കുന്നു. പിന്നാലെ ഭക്തര്‍ക്ക് അടുപ്പുകളിലേക്ക് തീപകരുന്നതിനുള്ള അറിയിപ്പായി ചെണ്ടമേളവും കതിനാവെടിയും മുഴങ്ങും.

ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട പണികള്‍ കാരണം ഇത്തവണ പുഷ്പ വൃഷ്ടി സാധ്യമല്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പൊങ്കാല ദിവസം പണികള്‍ നിര്‍ത്തിവച്ച് പുഷ്പ വൃഷ്ടി നടത്തുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

പൊങ്കാല അടുപ്പുകള്‍ക്ക് പച്ചക്കട്ടകള്‍ ഉപയോഗിക്കരുത്. പ്ലാസ്റ്റിക് കവറുകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക. പൊതു വഴികളില്‍ ഗതാഗതം തടസപ്പെടുത്തുന്ന തരത്തില്‍ പൊങ്കാല അടുപ്പുകള്‍ പാടില്ല. നടപ്പാതയില്‍ പാകിയ ടൈലുകള്‍ക്കു മുകളില്‍ അടുപ്പുകള്‍ കൂട്ടാന്‍ പാടില്ല. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കുക, ഇക്കാര്യം അന്നദാനവും കുടിവെള്ളവും നല്‍കുന്നവര്‍ പ്രത്യേകം ശ്രദധിക്കുക. സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും അന്നേ ദിവസം ഒഴിവാക്കുക. ആഹാരവും കുടിവെള്ളവും നല്‍കുന്നവര്‍ ശുചിത്വ മിഷനുമായും തൊട്ടടുത്ത പൊലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ട് ആവശ്യമായ അനുമതികള്‍ വാങ്ങുക. ഭക്ഷണം വിതരണം ചെയ്യുന്നവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

See also  സ്വപ്‌നം തീരമണിയുന്നു; വിഴിഞ്ഞത്ത് ആദ്യമദര്‍ഷിപ്പ് സാന്‍ഫെര്‍ണാണ്ടോയെത്തി; വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article