തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. കേരളത്തില്‍ നിന്ന് 20 സീറ്റും നേടുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വം പങ്കുവയ്ക്കുമ്പോഴും ആറ്റിങ്ങലില്‍ എന്തും സംഭവിക്കുമെന്ന വിലയിരുത്തല്‍ ശക്തം. ആറ്റിങ്ങലില്‍ ജയത്തിനായുള്ള ആത്മാര്‍ത്ഥ സമീപനം ഉണ്ടായോ എന്ന സംശയം പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. പ്രചരണത്തില്‍ 2019ലെ വീറും വാശിയും അടൂര്‍ പ്രകാശ് കാട്ടിയില്ലെന്നാണ് പരാതി. ജയിച്ച് എംപിയാകാന്‍ അടൂര്‍ പ്രകാശിന് (Adoor Prakash) താല്‍പ്പര്യമില്ലെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ നടത്തി. വര്‍ക്കല ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയാകാനുള്ള പലരുടേയും താല്‍പ്പര്യങ്ങളും ഇതിനിടെയില്‍ ചര്‍ച്ചയായി. ഇതെല്ലാം ആറ്റിങ്ങലില്‍ ഇടതിന് അനാവശ്യ മുന്‍തൂക്കം നല്‍കിയെന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളും കരുതുന്നത്.
പ്രചരണം തുടങ്ങുമ്പോള്‍ ആറ്റിങ്ങലില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണെങ്കിലും കാട്ടക്കട, അരുവിക്കര. നെടുമങ്ങാട് മണ്ഡലങ്ങളില്‍ ജോയിക്ക് വ്യക്തിപരമായ മുന്‍തൂക്കം ഉണ്ടായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പിലെ നിശ്ചലത സിപിഎം മുതല്‍ക്കൂട്ടാക്കി. സി എസ് ഐ സഭയെ അടക്കം ഇറക്കി ഈ മണ്ഡലങ്ങളില്‍ ജോയി വ്യക്തമായ മുന്‍തൂക്കം നേടിയെന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വിലയിരുത്തുന്നത്. ശക്തമായ ത്രികോണത്തെ നേരിടാന്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എടുത്ത കരുതലുകള്‍ ആറ്റിങ്ങലില്‍ ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ആറ്റിങ്ങലിലെ ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ പരസ്യ വിമര്‍ശനങ്ങള്‍ ഉയരും. സിപിഎം കോട്ടയെ കഴിഞ്ഞ തവണ തിരിച്ചു പിടിച്ചത് ഏറെ വിയര്‍പ്പൊഴുക്കിയാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായിട്ട് പോലും ഇത്തവണ അതിന്റെ ഗുണം അടൂര്‍ പ്രകാശ് ഉണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നാണ് ചിലരുടെ വിമര്‍ശനം.
തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി. നേതൃയോഗത്തിലാണ് കേരളത്തില്‍ മുഴുവന്‍ സീറ്റിലും വിജയിക്കാനാകുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് വിലയിരുത്തലുണ്ടായത്. അതേസമയം നാല് സീറ്റുകളില്‍ കടുത്ത മത്സരം നടന്നതായും എങ്കിലും മുന്‍തൂക്കം യു.ഡി.എഫിന് തന്നെയാണെന്നുമാണ് യോഗത്തില്‍ ഉണ്ടായ വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, കണ്ണൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടന്നത്. ഇവിടങ്ങളില്‍ ഭൂരിപക്ഷം കുറയുമെങ്കിലും പാര്‍ട്ടി വിജയം ഉറപ്പിക്കുന്നു. പരസ്യമായി ഇങ്ങനെ പറയുമ്പോഴും കോണ്‍ഗ്രസിന് ആറ്റിങ്ങലില്‍ കടുത്ത ആശങ്കയുണ്ട്. കണ്ണൂരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അടിതെറ്റിയാല്‍ അത് കോണ്‍ഗ്രസില്‍ മറ്റൊരു തലത്തിലെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.
നേതൃയോഗത്തില്‍ തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി എന്ന് പറഞ്ഞതായുള്ള വാര്‍ത്ത, സ്ഥാനാര്‍ഥിയായ കെ. മുരളീധരന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. തൃശ്ശൂരിലും കോഴിക്കോടും പ്രചാരണത്തില്‍ വീഴ്ചയുണ്ടായി എന്നുള്ള വാര്‍ത്ത മുരളീധരനും കോഴിക്കോടെ സ്ഥാനാര്‍ഥിയായ എം.കെ. രാഘവനും തള്ളി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി എന്നുള്ള പരാതിയില്ലെന്ന് ഇരുവരും വ്യക്തമാക്കി. തൃശൂരില്‍ 50,000ല്‍ അധികം വോട്ടിന് യു.ഡി.എഫ്. ജയിക്കുമെന്നാണ് മുരളീധരന്‍ പരസ്യമായി പറയുന്നത്. എന്നാല്‍ ഇവിടെ ജയം ഉറപ്പെന്നാണ് ഇടതു മുന്നണിയുടേയും വിലയിരുത്തല്‍.
ആറ്റിങ്ങല്‍, ആലത്തൂര്‍, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, വടകര ഇവയെല്ലം ഉറപ്പായും ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍ എത്തിയത്. കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ്, കൊല്ലം എന്നിവിടങ്ങളില്‍ അമ്പത് ശതമാനം വിജയമാണ് സിപിഎം പ്രതീക്ഷിക്കുന്നത്.