ചെക്ക് ഡാം കാണാനെത്തിയ ടൂറിസ്റ്റുകൾ തമ്മിൽ തർക്കം, തടയാൻ ശ്രമിച്ച ആദിവാസി യുവാവിനോട് ക്രൂരത, കാറിൽ റോഡിലൂടെ വലിച്ചിഴച്ചു

Written by Taniniram

Published on:

വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന ആളെ കാറിൽ സഞ്ചരിച്ചിരുന്നവരാണ് റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചു എന്നാണ് നാട്ടുകാർ വിശദമാക്കുന്നത്.

മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനോരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. അരയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ആദിവാസി യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ  കണ്ടെത്താനായില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. 4 പേർ ആയിരുന്നു കാറിൽ  ഉണ്ടായിരുന്നത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്ന ആളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

See also  കലോത്സവവേദിയിൽ രുചിക്കൂട്ടുകളുമായി സ്നാക്സ് വേദിയും

Leave a Comment