തിരുവനന്തപുരം (Thiruvananthapuram : ആശാ വർക്കർമാർ (ASHA Workers) പ്രഖ്യാപിച്ച് നിരാഹാര സമരം ഇന്നു മുതൽ. (ASHA workers have announced a hunger strike starting today.) സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാരിൽ ആദ്യഘട്ടത്തിൽ മൂന്നുപേരാണ് നിരാഹാരം ഇരിക്കുന്നത്. ഇന്ന് രാവിലെ 11 മണി മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി. ഇന്നലെ സംസ്ഥാന സർക്കാരുമായി നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ആശ വർക്കർമാർമാർ നിരാഹാര സമരത്തിനൊരുങ്ങുന്നത്.
എന്നാൽ ആശവർക്കർമാരുടെ സമരം കേന്ദ്രസർക്കാരുമായി സംസാരിക്കുന്നതിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിലേക്ക് പോകും. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായാണ് വീണാ ജോർജ് കൂടിക്കാഴ്ച നടത്തുന്നത്. സംഭവത്തിൽ അവ്യക്തതയോ തർക്കമോ ഇല്ലെന്നും, കേന്ദ്ര സ്‌കീം പ്രകാരമുള്ള പദ്ധതിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് വീണാ ജോർജ് വ്യക്തമാക്കി.
ആശാ വർക്കർമാരുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിക്കുമെന്നും വീണാ ജോർജ് പറഞ്ഞു. ദേശീയ ആരോഗ്യമിഷൻ സംസ്ഥാന കോർഡിനേറ്ററുമായി ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ആശാവർക്കർമാർ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്.
എന്നാൽ കൂടിക്കാഴ്ച്ചയിൽ സർക്കാർ ഖജനാവിൽ പണമില്ലെന്നും, യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ മനസ്സിലാക്കി സമരം പിൻവലിക്കണമെന്നും ആയിരുന്നു ആരോഗ്യമന്ത്രിയുടെ ആവശ്യം. മന്ത്രി വീണാ ജോർജ് തങ്ങളുടെ ആവശ്യങ്ങൾ ഒന്നും കേൾക്കാൻ തയ്യാറായില്ലെന്നും, നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ചയാണ് നടന്നതെന്നും ആശ വർക്കാർമാർ ആരോപിച്ചു.
അതിനിടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്കെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം നേതാവ് എ വിജയരാഘവൻ. ആശമാരെ പണം കൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയതാണെന്നാണ് വിജയരാഘവൻ ആരോപിച്ചിരിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു.