കൊച്ചി (Kochi) : രാജസ്ഥാനിൽ നിന്ന് മൂന്നാറിൽ അവധി ആഘോഷിക്കാനെത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തിരിക്കുന്നതിനിടെയാണ് മാലിന്യക്കുഴിയിൽ വീണു മൂന്ന് വയസുകാരന്‍ റിദാന്‍ ജാജു മരിച്ചത്. (Three-year-old Ridan Jaju died after falling into a garbage pit while waiting at the Nedumbassery airport for a holiday in Munnar from Rajasthan.) ജയ്പൂരിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 11.30 നാണ് ഏഴംഗ കുടുംബം നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.
ആഭ്യന്തര ടെർമിനലിൽ നിന്ന് പുറത്തെത്തി ടൂർ ഏജൻസിക്കായി കാത്തിരിക്കുന്നതിനിടെയാണു ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെയായിരുന്നു അപകടം. നാല് വയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണു റിദാന്‍ മാലിന്യക്കുഴിയിൽ വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാലിന്യക്കുഴിയുടെ ഒരു വശത്തു കെട്ടിടവും മറ്റു മൂന്നു വശങ്ങളിലും ബൊഗേൻവില്ല ചെടികൾ കൊണ്ടുള്ള വേലിയുമാണ് മാലിന്യക്കുഴിക്കു മറയായി ഉണ്ടായിരുന്നത്. കുട്ടിയെ കാണാതായതിനു പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോഴാണു കുട്ടി വേലി കടന്നുപോയതായി തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും വായിൽ ഉൾപ്പെടെ മാലിന്യം ഉണ്ടായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.