മുംബൈ: 28 വര്‍ഷം മുന്‍പ് നടന്ന കൊലപാതകങ്ങളില്‍ ആദ്യ അറസ്റ്റ് നടത്തി പൊലീസ്. മുംബൈയില്‍ കാശിമിരയില്‍ അമ്മയും നാല് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ മീരാ ഭയന്ദർ വസായ് വിരാർ (എംബിവിവി) പൊലീസാണ് രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം കുറ്റവാളിയെ പിടികൂടിയത്.
1994 നവംബറില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന മൂന്ന് പേരില്‍ ഒരാളായ രാജകുമാര്‍ ചൗഹാനെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് രണ്ട് പ്രതികളായ അനില്‍ സരോജ്, സുനില്‍ സരോജ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
അടുത്തിടെ രൂപീകരിച്ച എംബിവിവി കമ്മീഷണറേറ്റിലെ ക്രൈം ബ്രാഞ്ചിന്റെ (യൂണിറ്റ് I) സീനിയർ ഇൻസ്‌പെക്ടറായി അവിരാജ് കുറാഡെ ചുമതലയേറ്റപ്പോൾ തെളിയിക്കപ്പെടാത്ത എല്ലാ പ്രധാന കേസുകളുടെയും ഒരു ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നു.11 കേസുകളാണ് പ്രധാനമായും കണ്ടെത്തിയത്. അതില്‍ ഏറ്റവും ദാരുണമായത് ജഗ്രാണിദേവി പ്രജാപതിയുടേയും നാല് മക്കളുടേയും കൊലപാതകമായിരുന്നു. കുട്ടികളില്‍ ഒരാള്‍ക്ക് കേവലം മൂന്ന് മാസം മാത്രമായിരുന്നു പ്രായം. ജഗ്രാണിദേവിയുടെ ഭര്‍ത്താവ് 2006-ല്‍ ഒരു അപകടത്തില്‍ മരണപ്പെട്ടു, കുറാഡെ പറഞ്ഞു.
കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാവരും ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരാണ്. 2021 ജൂണില്‍ ഒരു പ്രത്യക സംഘത്തെ യുപിയിലേക്ക് അയച്ചിരുന്നു. യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ സഹയാത്തോടെയായിരുന്നു അന്വേഷണം.തുടരന്വേഷണത്തില്‍ രാജ്കുമാര്‍ ചൗഹാന്‍ ഖത്തറിലാണെന്ന് കണ്ടെത്തി. പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭിച്ചതോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.മുംബൈയിലെ എയര്‍പോര്‍ട്ടില്‍ ഇന്നലെയെത്തിയ ചൗഹാന്‍ പിടിയിലാവുകയായിരുന്നു. പിന്നാലെ എംബിവിവി പൊലീസ് കസ്റ്റഡിയിലേറ്റുവാങ്ങി.