തിരുവനന്തപുരത്ത് നടന്ന ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനം അറിയിക്കാത്തതിന്റെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് മുന്‍ മന്ത്രി ആന്റണി രാജു. ഉദ്ഘാടനത്തിന് മുന്നെ മുന്‍മന്ത്രി ബസുകള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തി. ഇതിലെ വെറുതേ പോയപ്പോഴാണ് രണ്ട് ബസുകളും ഉദ്ഘാടന കര്‍മത്തിനായി ഒരുക്കിനിര്‍ത്തിയിരിക്കുന്നത് കണ്ടത്. എന്നോട് ബന്ധപ്പെട്ടവര്‍ പറഞ്ഞത് പുത്തരിക്കണ്ടത്ത് നായനാര്‍ പാര്‍ക്കിലാണ് ഇത്രയും ബസുകള്‍ ഒരുമിച്ച് ഫ്ലാഗ് ഓഫ് ചെയ്യുക എന്നായിരുന്നു. എന്നാല്‍, ഇവിടെവെച്ചാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് ഇപ്പോളാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.( Double Ducker Bus , Thiruvananthapuram)
ജനുവരിയില്‍ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പറഞ്ഞ ബസ് എന്തിനാണ് ഇത്രയും വെച്ചുതാമസിപ്പിച്ചതെന്ന് അറിയില്ലെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.താന്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി, 100 കോടി അനുവദിച്ച് കിട്ടിയാണ് 103 ഇലക്ടിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളും വാങ്ങാന്‍ തീരുമാനിച്ചത്. ജനുവരി ആദ്യത്തെ ആഴ്ചയില്‍തന്നെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ എത്തി. രണ്ടാമത്തെ ആഴ്ച തന്നെ അടുത്ത ബസും എത്തി. യഥാര്‍ഥത്തില്‍ ജനുവരിയില്‍ തന്നെ ഓടിത്തുടങ്ങേണ്ടതായിരുന്നു. വണ്ടികള്‍ ഒരുമാസമായി വെറുതെ കിടക്കുകയായിരുന്നൂവെന്നും അദ്ദേഹം വിമര്‍ശിച്ചു.