തൃശൂര്‍: തൃശൂര്‍ പൂരം ബന്ധപ്പെട്ട വിവാദങ്ങള്‍ക്കെല്ലാം കാരണക്കാരനായ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഉദ്യോഗസ്ഥരെ മാറ്റുന്നതിന് തേടേണ്ടതുണ്ട്. അനിഷ്ട സംഭവങ്ങളില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയാണുണ്ടായിട്ടുളളത്. തെരഞ്ഞെടുപ്പ് സമയത്ത് സംയമനം പാലിക്കാത്തതിനാല്‍ എല്‍ഡിഎഫും കമ്മീഷണര്‍ക്കെതിരെ മുഖ്യമന്തിക്ക് പരാതി നല്‍കിയിരുന്നു.
തൃശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനും തത്സ്ഥാനത്ത് നിന്നും തെറിക്കും. മൂന്ന് എസ്പിമാരുടെ പാനല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് ഒരാളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരഞ്ഞെടുക്കും.