തിരുവനന്തപുരം (Thiruvananthapuram) : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ അനിൽ ആന്റണി (Anil Antony). ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെ തിരുവനന്തപുരത്തെ വീട്ടിലെത്തി. പതിവിന് വിപരീതമായി ഇന്നുരാവിലെ ഒറ്റയ്ക്കാണ് വോട്ടിടാൻ എത്തിയതും. ഇതിനുമുമ്പുള്ള തിരഞ്ഞെടുപ്പുകളിൽ പിതാവ് എകെ ആന്റണിക്കും മാതാവിനൊപ്പമാണ് എത്തിയിരുന്നത്. താൻ മത്സരിക്കുന്ന പത്തനംതിട്ടയിലേക്ക് പോകേണ്ടതുള്ളതിനാലാണ് രാവിലെ ഒറ്റയ്ക്ക് വോട്ടിടാൻ എത്തിയതെന്നാണ് അനിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണോ രാവിലെ മണ്ഡലത്തിലേക്ക് പോകാൻ ഇറങ്ങിയതെന്ന് ചാേദ്യത്തിന് വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറില്ല എന്നായിരുന്നു അനിലിന്റെ മറുപടി. വൻഭൂരിപക്ഷത്തിൽ താൻ വിജയിക്കും എന്നും അനിൽ വ്യക്തമാക്കി.
അനിൽ പറഞ്ഞത് : ‘കേരളത്തിലെ, പ്രത്യേകിച്ച് പത്തനംതിട്ടയിലെ എല്ലാ ജനങ്ങളുടെയും അനുഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. തീർച്ചയായും നല്ലൊരു തിരഞ്ഞെടുപ്പ് ഫലം എൻഡിഎ പ്രതീക്ഷിക്കുന്നു. രാജ്യം മുഴുവൻ ഒരു പ്രോ മോദി വേവ് ആണ്. അത് കേരളത്തിലെ ഓരോ മണ്ഡലത്തിലും പ്രതിഫലിക്കും. എൻഡിഎ ചരിത്ര വിജയം നേടും. അമ്പത്- അമ്പത്തഞ്ച് ദിവസത്തെ തെരഞ്ഞെടുപ്പ് ക്യാമ്പെയിന് ശേഷം ഞാൻ ഇന്നലെ വീട്ടിലെത്തിയിരുന്നു. വളരെ സന്തോഷകരമായി സംസാരിച്ചു. എനിക്ക് മണ്ഡലത്തിൽ പോകേണ്ടതിനാൽ ഞാൻ നേരത്തേ വന്നു. ബാക്കിയെല്ലാവരും പത്തുമണികഴിയുമ്പോൾ വന്ന് വോട്ടുചെയ്യും.
രാഷ്ട്രീയം വീട്ടിൽ ചർച്ചചെയ്യാറില്ല. വ്യക്തിപരമായി ഏറെ ബഹുമാനവും സ്നേഹമുള്ള രണ്ടുപേർ മാതാപിതാക്കളാണ്. ഞാൻ പറഞ്ഞതിനെ ദുർവ്യാഖ്യാനിക്കാനൊക്കെ പലരും ശ്രമിച്ചു. പക്ഷേ, ഞാൻ പറഞ്ഞത് എന്താണെന്ന് എല്ലാവർക്കും അറിയാം.മണ്ഡലത്തിൽ എന്റെ എതിർ സ്ഥാനാർത്ഥികൾക്കെതിരെ വലിയ ജനവികാരമാണ്. ഞാൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. നാലരലക്ഷം വോട്ടുകളാണ് ഞാൻ പ്രതീക്ഷിക്കുന്നത്’.അനിൽ ആന്റണി പത്തനംതിട്ടയിൽ തോൽക്കണമെന്നാണ് എകെ ആന്റണി നേരത്തേ പറഞ്ഞിരുന്നു.
ആരോഗ്യം അനുവദിക്കുകയാണെങ്കിൽ പത്തനംതിട്ടയിൽ അനിലിനെതിരെ പ്രചാരണത്തിനിറങ്ങും എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മണ്ഡലത്തിൽ അദ്ദേഹം പ്രചാരത്തിനെത്തിയിരുന്നില്ല.നിലാവ് കണ്ട് കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്ന് അനിൽ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. എകെ ആന്റണിയെ കാണുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നതെന്നും അനിൽ പറഞ്ഞിരുന്നു. ‘അദ്ദേഹം പഴയ പ്രതിരോധ മന്ത്രിയാണ്. പാകിസ്ഥാനെ വെള്ളപൂശാൻ ശ്രമിച്ച ഒരു എംപിക്ക് വേണ്ടി സംസാരിച്ചപ്പോൾ എനിക്കു വിഷമമാണ് തോന്നിയത്. ജൂൺ നാലിനു നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇതു കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചു കൊണ്ടേയിരിക്കും’ ഇങ്ങനെയായിരുന്നു അനിൽ പറഞ്ഞത്.