കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അനീഷ്യയുടെ ആത്മഹത്യക്കെതിരെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്ക് പ്രധാന കാരണമെന്നാണ് ആക്ഷേപം. പരാതികളെല്ലാം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.
ശബ്ദസന്ദേശം മരണമൊഴിയാക്കണം
അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. എ പി പിയുടെ മേലധികാരിയായ കൊല്ലം ഡി ഡി പി പരസ്യമായി അവരെ അപമാനിച്ചതായുള്ള ശബ്ദസന്ദേശം മരണമൊഴിയായെടുത്ത് കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഇരക്ക് നീതി ലഭിക്കാന്‍ ഉത്തരവാദിത്വപ്പെട്ട പ്രോസിക്യൂട്ടര്‍ക്ക് തന്റെ മേലധികാരിയായ പ്രോസിക്യൂട്ടറില്‍ നിന്ന് വലിയ മാനസിക പീഡനമുണ്ടായത് ചെറിയ സംഭവമായി കാണാനാവില്ല. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ അടിയന്തിരമായി ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം. സംഭവത്തില്‍ കൊല്ലം ജില്ലയിലെ അഭിഭാഷകര്‍ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധക്കള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ലീഗല്‍ സെല്‍ വ്യക്തമാക്കി.