സ്വന്തം ലേഖകന്‍
തിരുവനന്തപുരം : യുഡിഎഫിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സ്ഥാപക നേതാവായ ടിഎം ജേക്കബിന്റെ മകളും മുന്‍മന്ത്രിയും ഇപ്പോള്‍ പിറവം എംഎല്‍എയുമായ അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബ് ബിജെപിയിലേക്ക്. നിലവില്‍ തിരുവനന്തപുരത്ത് അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന അമ്പിളി ബിജെപിയിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകും. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പ്രത്യേക ദൂതന്‍ അമ്പിളി ജേക്കബിനെ (Ambili Jacob) കണ്ട് ചര്‍ച്ച നടത്തിയതായാണ് വിവരം.
രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം ക്രൈസ്തവ വിഭാഗങ്ങളെ കൂടുതല്‍ ബിജെപിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.അമ്പിളി ജേക്കബ് ഉള്‍പ്പെട്ട സഭാനേതൃത്വവുമായും ബിജെപി നേതാക്കള്‍ ചര്‍ച്ചനടത്തിയതായാണ് വിവരം. ജോര്‍ജ്കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനത്ത് വന്നതോടെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയോടുളള അകല്‍ച്ചയും കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ചുമതലയും അദ്ദേഹത്തിനാണ്. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം ക്രൈസ്തവ വോട്ടുകളുടെ സ്വാധീനത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. സഭകളുമായി സുരേഷ് ഗോപി പുലര്‍ത്തിയ നല്ലബന്ധമാണ് അദ്ദേഹത്തെ ഇലക്ഷനില്‍ തുണച്ചത്. ക്രൈസ്തവ മേഖലയില്‍ സ്വാധീനമുളള ഒരു പ്രമുഖ പത്രം സ്വന്തമാക്കാനും രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഒരു കാലത്ത് കരുണാകരനൊപ്പം യുഡിഎഫിന്റെ പ്രധാന മുഖങ്ങളിലൊന്നായിരുന്ന ടിഎം ജേക്കബ്. കരുണാകരന്റെ മകള്‍ പത്മജയ്‌ക്കൊപ്പം ടിഎം ജേക്കബിന്റെ മകള്‍ അമ്പിളിയും ബിജെപിയിലേക്ക് വരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കൗതുകത്തോടെയാണ് കാണുന്നത്. എന്നാല്‍ ബിജെപി അംഗത്വ എടുക്കുന്ന വിവരം അമ്പിളി ജേക്കബ് ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല.