തൃശ്ശൂർ ( Thrissur ) : തൃശ്ശൂർ വ്യാജ വോട്ടിൽ കോൺഗ്രസ് ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കമുള്ളവർക്കെതിരെ പരാതി നൽകി. (Congress has filed a complaint against BJP MP and Union Minister Suresh Gopi and others over fake votes in Thrissur.) ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എം.പി ടി.എൻ. പ്രതാപൻ, മുൻ എം.എൽ.എ അനിൽ അക്കര എന്നിവർ തൃശ്ശൂർ സിറ്റി പൊലീസ് കമീഷണർക്ക് നേരിട്ടെത്തിയാണ് പരാതി നൽകിയത്.
വ്യാജ വോട്ടിൽ കേസ് രജിസ്റ്റർ ചെയ്ത് ഗൂഢാലോചന അന്വേഷിക്കണമെന്ന് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നു. മറ്റ് മണ്ഡലങ്ങളിൽ നിന്നുള്ളവരുടെ വോട്ടുകൾ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലേക്ക് കൂട്ടത്തോടെ മാറ്റിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ പറയുന്നു.
തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115 -ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളൂ. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരനാണ്.
തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണ്.
സുരേഷ് ഗോപി 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്നു തൊട്ടു മുൻപായിട്ടാണ് 115 -ാം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ട് ചേർത്തത്. വോട്ട് ചേർക്കുമ്പോൾ സ്ഥിര താമസക്കാരനണെന്ന രേഖയും സത്യ പ്രസ്താവനയും നൽകണം. ശാസ്തമംഗലം ഡിവിഷനിൽ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരിൽ നൽകിയ സത്യ പ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാർഗ്ഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുൾപ്പെടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തിൽ ചേർത്തത്.