തിരുവനന്തപുരം (Thiruvananthapuram) : തലസ്ഥാനത്ത് ഓണ്‍ ലൈൻ തട്ടിപ്പി (Online Cheetting) ലൂടെ സോഫ്റ്റ് വെയർ എൻജിനിയറെയും വനിതാ ഡോക്ടറെയും കബളിപ്പിച്ച് മൂന്നര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തലസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന ആലപ്പുഴ സ്വദേശിയായ സോഫ്റ്റ് വെയർ എൻജിനിയർക്കും വഞ്ചിയൂർ സ്വദേശിനിയായ വനിതാ ഗൈനക്കോളജി വിഭാഗം ഡോക്ടർക്കുമാണ് പണം നഷ്ടമായത്. സോഫ്റ്റ് വെയർ എൻജിനിയറിൽ നിന്നും 1.80 കോടി രൂപയും ഡോക്ടറിൽ നിന്നും 1.50 കോടിയോളം രൂപയുമാണ് തട്ടിപ്പ് സംഘം ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത്.
ഷെയർ മാർക്കറ്റ് ബിസിനസിലൂടെ വൻലാഭം കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് സോഫ്റ്റ് വെയർ എൻജിനിയറിൽ നിന്നു പലപ്പോഴായി പണം തട്ടിയെടുത്തത്. മോഹന വാഗ്ദാനങ്ങളും വിശ്വാസ്യതയും നൽകി പണം വാങ്ങിയ ശേഷം കബളിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിൽ എൻജിനിയർ മൊഴി നൽകിയത്.
ഇദ്ദേഹത്തിന്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം നിക്ഷേപിച്ച അക്കൗണ്ട് നമ്പറിന്റെ വിവരങ്ങളും ഫോണ്‍ നമ്പറുകളുടെയും വിശദവിവരങ്ങൾ ശേഖരിക്കാൻ പോലീസ് നടപടികൾ തുടങ്ങി.
വിദേശത്തേക്ക് ഡോക്ടറുടെ പേരിൽ അയച്ച പാർസലിൽ മയക്കുമരുന്ന് കണ്ടെടുത്തിയെന്നും സൈബർ പോലീസാണെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് വനിതാ ഡോക്ടറിൽ നിന്നു പണം തട്ടിയെടുത്തത്. ഡോക്ടറുടെ പരാതിയിൽ പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘമാണ് രണ്ടു തട്ടിപ്പിനു പിന്നിലെന്നും പോലീസ് പറഞ്ഞു.ആറ് മാസത്തിനിടെ തിരുവനന്തപുരം സിറ്റിയിൽ നിന്ന് ഓണ്‍ ലൈൻ തട്ടിപ്പിലൂടെ പത്തു കോടിയിൽപ്പരം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായവരെല്ലാം പ്രൊഫഷണലുകളാണ്.