ആലപ്പുഴ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആദ്യത്തെ കണ്‍മണി മരിച്ചു. പിന്നീട് നേര്‍ച്ചകള്‍ നേര്‍ന്ന് ലഭിച്ച രണ്ടാമത്തെ കുഞ്ഞിന്റെ മരണം താങ്ങാനാകാതെ കുടുംബം. മണ്ണഞ്ചേരിയിലാണ് ദാരുണ സംഭവം. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡ് പൂവത്തില്‍ മുഹമ്മദ് റഫീഖിന്റെ (ഷിറാസ്) മകന്‍ മുഹമ്മദ് ഇഷാന്‍ എന്ന ആറു മാസക്കാരനെയാണ് ബൈക്കപടത്തില്‍ വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ മണ്ണഞ്ചേരി ജങ്ഷനിലായിരുന്നു അപകടം. കുഞ്ഞുമായി യാത്ര ചെയ്ത ബൈക്കിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിക്കുക ആയിരുന്നു. അമ്മയുടെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അമ്മയ്ക്കും ബൈക്ക് ഓടിച്ച ഭര്‍തൃപിതാവിനും അപകടത്തില്‍ പരിക്കേറ്റു. കുഞ്ഞിന്റെ അമ്മ നാസിയ, റഫീഖിന്റെ ഉപ്പ ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുഹമ്മദ് ഇഷാനെ ആശുപത്രിയില്‍ കാണിക്കുന്നതിനായി ഭര്‍തൃപിതാവ് ഷാജിക്കൊപ്പം നാസിയയും കുഞ്ഞും ബൈക്കില്‍ പോകുമ്പോള്‍ പിന്നില്‍ സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ നാസിയയുടെ കയ്യില്‍നിന്ന് കുഞ്ഞും റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാസിയക്ക് തലക്കും ഷാജിക്ക് കാലുകള്‍ക്കും പരിക്കുണ്ട്. ഇദ്ദേഹത്തിന്റെ രണ്ട് പല്ലുകളും പൊട്ടി.
നാലുമാസം പ്രായമുള്ളപ്പോഴാണ് ഇവരുടെ മൂത്തകുട്ടി മരിക്കുന്നത്. ഇഷല്‍ ഫാത്തിമ എന്ന കുരുന്ന് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്. അതിനു ശേഷമാണ് മുഹമ്മദ് ഇഷാന്‍ ജനിക്കുന്നത്. എന്നാല്‍ വിധി രണ്ടാമത്തെ കുഞ്ഞിനെയും തട്ടിയെടുക്കുകയായിരുന്നു.