മുഖ്യമന്ത്രിയുടെ വിദേശയാത്ര വിശ്രമത്തിന് വേണ്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. അദ്ദേഹത്തിൻ്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണ്. സ്വകാര്യ സന്ദർശനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 30 ദിവസം മുഖ്യമന്ത്രി ഒരുദിവസം നാല് മണിക്കൂർ വെച്ച് പ്രസംഗിച്ചു. അത്തരത്തിൽ വലിയ സ്ട്രെയിനെടുത്തയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു കൊടുക്കുന്നതിൽ എന്താണിത്ര ബുദ്ധിമുട്ട്. ആറുദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവം പോലും ഏഴാം ദിനം വിശ്രമിച്ചുവെന്നും എകെ ബാലൻ പറഞ്ഞു.
വിദേശയാത്ര നടത്തുന്നതിന് മുഖ്യമന്ത്രിയ്ക്ക് എവിടുന്നാ കാശ് എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ലെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു. സ്വകാര്യ യാത്രകൾക്ക് എവിടുന്നാണ് പണം എന്നാണ് സുധാകരന്റെ ചോദ്യം. 92,000 രൂപ മാസവരുമാനം ഉണ്ട് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളതെന്നും എകെ ബാലൻ ചോദിച്ചു.