ബീഹാർ : വധു റൂമിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും തന്റെ പ്രിയതമൻ വരാതായാൽ എന്താകും സ്ഥിതി. ചങ്ക് തകർന്നു പോകില്ലേ. വിവാഹമെന്നത് പലരുടേയും സ്വപ്നമാണ്. എന്നാൽ അത്തരത്തിലുള്ളൊരു വാർത്തയാണ് ബിഹാറിലെ ഷഹബാസ്പൂർ ഗ്രാമത്തിൽ നിന്നും പുറത്തു വരുന്നത്. അന്നത്തെ ദിവസം ഫോട്ടോഷൂട്ടും വിവാഹ പാർട്ടിയുമൊക്കെയായി വധൂ വരൻമാർ നല്ല തിരക്കാകും. ഇതെല്ലാം കഴിഞ്ഞ് നന്നേ ക്ഷീണത്തോടെയാണ് റൂമിലേക്കെത്തുന്നത്. ആദിത്യ ഷാഹി എന്ന യുവാവ് വിവാഹദിവസം രാത്രി വധുവിനെ തനിച്ചാക്കി എങ്ങോട്ടോ മുങ്ങി. ഫെബ്രുവരി 4 -ന് വളരെ ആർഭാടത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം. എന്നാൽ അന്നേ ദിവസം രാത്രി വരൻ ആരോടും പറയാതെ കടന്നു കളയുകയായിരുന്നു.
റൂമിലെത്തിയ വധു മണിക്കൂറുകളായിട്ടും തന്റെ ഭർത്താവിനെ കാണാത്തതിനാൽ വീട്ടുകാരോട് അതിനെ കുറിച്ചു സംസാരിച്ചു. വീട്ടുകരെല്ലാവരും യുവാവിനെ തിരഞ്ഞെങ്കിലും എങ്ങും കാണാൻ സാധിച്ചില്ല. ഫോൺ വിളിച്ചു നോക്കിയെങ്കിലും യുവാവ് അത് എടുക്കുന്നുമില്ല.
അതോടെ പരിഭ്രാന്തരായ വീട്ടുകാർ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് യുവാവിന്റെ ഫോണിലേക്ക് വിളിച്ച് നോക്കിയപ്പോൾ സ്വിച്ചോഫ് ആയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാൾ പാറ്റ്നയിലും ദനാപൂരിലും ചെന്നു എന്ന് മനസിലാക്കി. രണ്ട് ദിവസത്തിന് ശേഷം യുവാവ് തന്റെ ഫോൺ ഓൺ ചെയ്തു. ആ സമയത്ത് പോലീസ് യുവാവിന്റെ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്തു. പിന്നാലെ, പോലീസെത്തി ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
യുവാവ് ഈ ദിവസങ്ങളിൽ അക്കൗണ്ടിൽ നിന്നും 50,000 രൂപ പിൻവലിച്ചിരുന്നതായും പോലീസ് കണ്ടെത്തി. എന്നാൽ, എന്തിനാണ് ഇയാൾ വിവാഹദിവസം രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് എന്ന കാര്യം ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.