പഴനി (Palani) : തമിഴ്നാട് പഴനി കണക്കംപട്ടിയില്‍ അച്ഛനെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. (A father and daughter were found dead inside their house in Palani, Tamil Nadu.)കെട്ടിടനിര്‍മാണ തൊഴിലാളിയായ പഴനിയപ്പന്‍ (45), മകള്‍ ധനലക്ഷ്മി (23) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം മരണാനന്തര ചടങ്ങിലെന്നപോലെ സാരി ഉടുപ്പിച്ച ശേഷം പഴനിയപ്പന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭാര്യ വിജയ (41), മകൻ രഞ്ജിത്ത് (25), മകൾ ധനലക്ഷ്മി എന്നിവർക്കൊപ്പമാണ് പളനിസ്വാമി ആയക്കുടിയിലെ കനക്കൻപട്ടിയിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പഴനിയപ്പന്റെ ഭാര്യയും മകനും തിരിച്ചന്തൂര്‍ ക്ഷേത്ര സന്ദർശനത്തിനായി പോയിരുന്നു. ഈ സമയം വീട്ടില്‍ പഴനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിലെത്തിയ ഭാര്യയും മകനും കഴിഞ്ഞ ദിവസം പഴനിയപ്പനെ ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. ഇതോടെ ഭാര്യ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തിയപ്പോള്‍ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
സംശയം തോന്നിയ ബന്ധുക്കള്‍ ഉടൻ തന്നെ തൊട്ടുത്തുള്ള ആയ്ക്കുടി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി വാതിൽ തകർത്ത് വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് പഴനിയപ്പനെയും ധനലക്ഷ്മിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ധനലക്ഷ്മിയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം അതേ കയറില്‍ തന്നെ പഴനിയപ്പനും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ധനലക്ഷ്മിയുടെ മൃതശരീരത്തില്‍ മരണാനന്തര ചടങ്ങിലേത് പോലെ സാരിയുടുപ്പിച്ച് നെറ്റിയില്‍ ചന്ദനം തൊട്ട് കിടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ധനലക്ഷ്മിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അവരുടെ വിവാഹം വൈകിയിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.