ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. ജസ്റ്റിസ് എ ബദറുദ്ദിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധം സംസാരിച്ചു എന്ന് ആരോപിച്ചാണ് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. ജസ്റ്റിസ് ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതി നടപടികള്‍ ബഹിഷ്‌കരിക്കും എന്ന മുന്നറിയിപ്പാണ് അഭിഭാഷകര്‍ നല്‍കിയിരിക്കുന്നത്.
ഇന്നലെയാണ് പ്രതിഷേധതതിന് ഇടയായ സംഭവം നടന്നത്. ജസ്റ്റിസ് ബദറുദ്ദീന്‍ കേസ് പരിഗണിക്കുന്നതിനിടെ വനിതാ അഭിഭാഷക കേസ് നടത്തുന്നതിന് സമയം അവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ജസ്റ്റിസ് ബദറുദ്ദീന്‍ പ്രകോപിതനായത്. അലക്‌സ് എം സ്‌കറിയ എന്ന അഭിഭാഷകനാണ് കേസ് നടത്തിയുന്നത്.
ഒരു മാസം മുമ്പ് അലക്സ് മരിച്ചതോടെ അഭിഭാഷകയായ ഭാര്യ സരിത കേസിന്റെ വക്കാലത്ത് എറ്റെടുത്തു. തുടര്‍ന്നാണ് സമയം വേണമെന്ന് അഭിഭാഷക ആവശ്യപ്പെട്ടത്. എന്നാല്‍ ക്ഷുഭിതനായ ജസ്റ്റിസ് ബദറുദീന്‍ ആരാണ് അലക്സ് എന്ന് ചോദിച്ച് പ്രകോപിതനായി. ക്ഷോഭത്തോടെ സരിതയോടെ സംസാരിക്കുകയും ചെയ്തു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അഭിഭാഷക കോടതി വിട്ടത്. ഇതോടെയാണ് അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒരു അഭിഭാഷകയോട് ഉണ്ടായ മോശം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ അസോസിയേഷന്‍ കത്ത് നല്‍കി. ചീഫ് ജസ്റ്റിസ് കൂടി ഇടപെട്ടതോടെ ചേംബറില്‍ വച്ച് അഭിഭാഷകയോട് മാപ്പ് പറയാമെന്ന് ജസ്റ്റിസ് ബദറുദീന്‍ നിലപാട് എടുത്തു. എന്നാല്‍ തുറന്ന കോടതിയില്‍ തന്നെ മാപ്പ് പറയണമെന്നാണ് ബാര്‍ അസോസിയേഷന്റെ ആവശ്യം.