കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്യുമോ എന്നതാണ് ഇനി നിര്‍ണ്ണായകമാകുന്നത്. ഇന്നലെ രാത്രി ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തേടിയിരുന്നു. കഴിഞ്ഞദിവസം രാത്രി രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദിവ്യ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയത്. ഇതോടെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം പോലീസിന് ഉണ്ടാവുകയാണ്. ജാമ്യം തളളിയതോടെ ദിവ്യ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുവാന്‍ സാധ്യതയുണ്ട്. അപ്പീലിന് മുമ്പ് ദിവ്യയെ പോലീസ് അറസ്റ്റുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.
കേസില്‍ ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ആവശ്യപ്പെട്ടു. സംഭവത്തില്‍ ആദ്യമായാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം എടുക്കുന്ന നിലപാടാണ് നിര്‍ണ്ണായകം. ഇപ്പോഴും സിപിഎം ജില്ലാ കമ്മറ്റി അംഗമാണ് ദിവ്യ.