എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; പ്രശാന്തനെ പിരിച്ചുവിടാൻ ആരോഗ്യവകുപ്പ്‌

Written by Taniniram

Published on:

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ അറസ്റ്റ് നീക്കം ഒഴിവാക്കാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുക.

നവീന്‍ ബാബുവിന്റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോണ്‍ റാല്‍ഫ്, പിഎം സജിത എന്നിവര്‍ ഹാജരായി. ജാമ്യ ഹര്‍ജിക്കുള്ള ആക്ഷേപം ബോധിപ്പിക്കുന്നതിന് സമയം ആവശ്യപ്പെടുകയായിരുന്നു. അഡ്വ. കെ വിശ്വന്‍ പി.പി ദിവ്യക്ക് വേണ്ടി ഹാജരായി. ദിവ്യയെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ് കോടതിയുടെ ഇടപെടല്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.

 പ്രശാന്തനെതിരേ കടുത്ത നടപടി

 പ്രശാന്തനെതിരേ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളെജിലെ ജീവനക്കാരനായ പ്രശാന്തിനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഇയാള്‍ സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജത് ഖൊബ്രാഗഡെയും ജോയന്റ് ഡയറക്ടര്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡോ. വിശ്വനാഥനും പരിയാരത്തേക്ക് പോകും. സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇയാള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ജോലിയില്‍ സ്ഥിരമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്തനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായും സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഡി.എം.ഇയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇയാളാണോ അപേക്ഷകനെന്ന് അറിയില്ല. അതിന് ശേഷം ഇയാള്‍ മെഡിക്കല്‍ കോളേജില്‍ വന്നിട്ടില്ല. ഇങ്ങനെയുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി

See also  പുലരി അവാർഡ് ദാനവും പുസ്തക പ്രകാശനവും മന്ത്രി കെ രാജൻ നിർവഹിക്കും

Related News

Related News

Leave a Comment