മധുര: ‘കടൈസി വിവസായി’ എന്ന സിനിമയിൽ അഭിനയിച്ച കാസമ്മാൾ (71) മകന്റെ അടിയേറ്റ് മരിച്ചു. ദേശീയ പുരസ്കാരം നേടിയ സിനിമയായിരുന്നു ‘കടൈസി വിവസായി’. മകൻ നാമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണംചോദിച്ച് വഴക്കിടുന്നതിനിടയിൽ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാൾ തല്‍ക്ഷണം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ബാൽസാമി-കാസമ്മാൾ ദമ്പതിമാർക്ക് നാമക്കൊടി, താണിക്കൊടി എന്നീ 2 മക്കളാണുള്ളത്. നാമകോടി ഭാര്യയുമായി വേർപിരിഞ്ഞ് കഴിഞ്ഞ 15 വർഷമായി കാസമ്മളിനൊപ്പമായിരുന്നു താമസം. മദ്യത്തിന് അടിമയായിരുന്ന നാമകോടി കാസമ്മളുമായി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ ഉറങ്ങുകയായിരുന്ന കാസമ്മയെ വിളിച്ചുണർത്തി പതിവുപോലെ മദ്യം കുടിക്കാൻ പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ച കാസമ്മാളിനെ മകൻ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാസമ്മാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85കാരനും പ്രധാനവേഷം കൈകാര്യംചെയ്ത ‘കടൈസി വിവസായി’യിൽ ഒട്ടേറെ ഗ്രാമീണർ അഭിനയിച്ചിരുന്നു. അതിലൊരാളായിരുന്നു വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച കാസമ്മാൾ.