തിരുവനന്തപുരം (Thiruvananthapuram) : യുവാവ് സ്വയം മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയര്‍. (The young man inserted a three-meter-long electric wire through his urethra.) തിരുവനന്തപുരം സ്വദേശിയായ 25 കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോള്‍ ഇലക്ട്രിക് വയര്‍ മൂത്രസഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാല്‍ യുവാവ് ഇത് ചെയ്തതിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
മെഡിക്കൽ കോളേജിലെത്തിച്ച യുവാവിന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ വയര്‍ പുറത്തെടുത്തു. യൂറോളജി വിഭാഗത്തില്‍ വയര്‍ തുറന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയര്‍ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. പി ആര്‍ സാജു, അസി. പ്രൊഫസര്‍ ഡോ. സുനില്‍ അശോക്, സീനിയര്‍ റസിഡന്റുമാരായ ഡോ. ജിനേഷ്, ഡോ. അബു അനില്‍ ജോണ്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. ദേവിക, ഡോ. ശില്‍പ, അനസ്‌തേഷ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. അനീഷ്, സീനിയര്‍ റസിഡന്റ് ഡോ. ചിപ്പി എന്നിവര്‍ സർജറിക്ക് നേതൃത്വം നല്‍കി.