തൃശൂര്‍ (Thrissur) : തൃശൂർ ചാലക്കുടിയിലുണ്ടായ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. (Brothers met a tragic end in a bike accident in Chalakudy, Thrissur) പട്ടിമറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ പോട്ട നാടുകുന്ന് വച്ചായിരുന്നു അപകടം.
മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതമുള്ള ഒത്തുചേരലിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് ഇരുവരും അപകത്തിൽപ്പെട്ടത്. കൊടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റോഡരികിലെ മൈൽകുറ്റിയിലിടിച്ചശേഷം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കയറുകയായിരുന്നു.അപകടം കണ്ട് ഓടിയെത്തിയവർ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചാലക്കുടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അതേസയമം, ഇന്നലെ രാത്രി തിരുവനന്തപുരം ഞാണ്ടൂർക്കോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനിൽ ദിലീപ് (40)ഭാര്യ നീതു(26) എന്നിവരാണ് മരിച്ചത്.
രാത്രി ഒമ്പതോടെ പോത്തൻകോട് ഭാഗത്തുനിന്നും പൗഡിക്കോണം ഭാഗത്തേക്കുവരികയായിരുന്നു ഡ്യൂക്ക് ബൈക്കും എതിർ ദിശയിൽ ദമ്പതികളെത്തിയ ഹോണ്ട ഷൈൻ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.ഡ്യൂക്ക് ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ യുവതി മതിലിനുമുകളിൽ കൂടി തെറിച്ച് സമീപത്തെ വീടിന്റെ ചുമരിലിടിച്ചാണ് മരിച്ചത്. സംഭവസ്ഥലത്ത് തന്നെ ദമ്പതികൾ മരിച്ചു.
പൗഡിക്കോണത്തിന് സമീപം നെല്ലിക്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന നീതുവിന്റെ മാതാപിതാക്കളെക്കണ്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.