തൃശ്ശൂർ (Thrisur) : പുലിക്കൂട്ടം തൃശൂർ നഗരത്തെ വിറപ്പിക്കാനൊരുങ്ങുന്നു. ഒമ്പത് സംഘങ്ങളിലായി 459 പുലികളാണ് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. (A group of tigers is preparing to shake the city of Thrissur. 459 tigers in nine groups will enter the Thrissur Swaraj Round this afternoon.) ജില്ലയിലെ ഏറ്റവും പ്രശസ്തമായ മഹോത്സവമാണ് ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന പുലികളി. ഇതേത്തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക. പുലിവേഷത്തിനുള്ള പെയിന്റരയ്ക്കല്‍ കഴിഞ്ഞു. പുലിച്ചമയ പ്രദര്‍ശനം നഗരത്തില്‍ പലപുലിമടകളിലായി തുടര്‍ന്നുവരികയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദര്‍ശനത്തിനും ഇത്തവണ സമ്മാനമുണ്ട്.
പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായമായി 3,12,500 രൂപ വീതം നല്‍കും. മുന്‍കൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. ഇന്ന് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയില്‍ വെളിയന്നൂര്‍ ദേശം സംഘത്തിന് മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും സംയുക്തമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് പുലികള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങും.