പാമ്പാടി: ഓട്ടോക്കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളിയെ വീടുകയറി ആക്രമിച്ചശേഷം ഒളിവില്‍പോയ പ്രതികളെ ഗോവയില്‍നിന്ന് പിടികൂടി.
വാഴൂര്‍ പുളിക്കല്‍ കവല മുള്ളോത്ത് പറമ്പില്‍ വിവേക് കൃഷ്ണന്‍ (18), പുളിക്കല്‍ കവല ശാരദാഭവന്‍ വീട്ടില്‍ എ. അനൂപ് (18), പുളിക്കല്‍ കവല പാലത്തിങ്കല്‍ വീട്ടില്‍ യദുകൃഷ്ണന്‍ (18), വാഴൂര്‍ കുന്നേല്‍ വീട്ടില്‍ സൂര്യ മനോജ് (20), വാഴൂര്‍ കാഞ്ഞിരംവിളയില്‍ വീട്ടില്‍ കെ.എസ്. അലക്‌സാണ്ടര്‍ (20), വാഴൂര്‍ കാലായിപറമ്പില്‍ വീട്ടില്‍ ജിതിന്‍ കെ.ജിജു (19) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഗോവയില്‍നിന്നു പിടികൂടിയത്. ബംഗാള്‍ സ്വദേശി ഭീം (39) -നാണ് പരിക്കേറ്റത്.
മൂന്നിന് രാത്രി വാഴൂര്‍ ചെല്ലിമറ്റത്തായിരുന്നു സംഭവം. പ്രതികളില്‍ ഒരാളുടെ അച്ഛന്റെ ഓട്ടോറിക്ഷയില്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കയറി.
തുടര്‍ന്ന് ഓട്ടോക്കൂലി സംബന്ധിച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിലുള്ള വിരോധംമൂലം രാത്രി ഏഴരയോടെ പ്രതികള്‍ സംഘംചേര്‍ന്ന് തൊഴിലാളി കുടുംബമായി താമസിക്കുന്ന വീട്ടിലെത്തുകയും കതക് തല്ലിപ്പൊളിച്ച് അകത്തുകയറി ക്രൂരമായി മര്‍ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.