പാറശ്ശാല: 12 കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ തിരുവനന്തപുരം സ്വദേശി അരവിന്ദ് മോഹനെ (24 )പാറശ്ശാല പോലീസ് പിടി കൂടി.
കഴക്കൂട്ടം ബൈപ്പാസിൽ വ്ളാത്താങ്കര പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ പോലീസിനെ കണ്ട യുവാവ് കൈയിൽ കരുതിയ കഞ്ചാവ് റോഡിൽ എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ പോലീസ് പ്രതിയെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. പരിശോധനയിലാണ് 12 കിലോ കഞ്ചാവ് പിടികൂടിയത്.
വിഴിഞ്ഞം, കോവളം, കടലോര പ്രദേശങ്ങളിലും, വെങ്ങാനൂർ എന്നിവിടങ്ങളിലും ചില്ലറ വിൽപ്പനയ്ക്കായി തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കൂടുതൽ കിലോ കഞ്ചാവ് വാങ്ങിയ ശേഷം കേരളത്തിൽ അത് ചെറു പൊതികളായി വില്പന നടത്തുന്നതാണ് രീതിയെന്ന് പോലീസിനോട് പ്രതി പറഞ്ഞു. അമരവിള ചെക് പോസ്റ്റിൽ വാഹന പരിശോധന നടത്തുമെന്നതിനാലാണ് ബൈപ്പാസ് വഴി കഞ്ചാവ് കടത്തിയതെന്നാണ് പ്രതിയുടെ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.