അയോധ്യയില്‍ പത്തു രൂപയുടെ ചായക്കും ബ്രഡിനും 252 രൂപയുടെ ബില്ല് നല്‍കിയ ഹോട്ടലിനെതിരെ നടപടി. അരുന്ധതി ഭവനിലുള്ള ശബരി രസോയ് എന്ന ഹോട്ടലാണ് ഉയര്‍ന്ന ബില്ല് നല്‍കിയത്. സംഭവത്തില്‍ 3 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് അയോധ്യ വികസന അതോറിറ്റി ഹോട്ടല്‍ അധികൃതര്‍ക്ക് നോട്ടിസ് നല്‍കി.
ഗുജറാത്ത് സ്വദേശികളുടേതാണ് ഹോട്ടല്‍. വിശദീകരണം നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് അയോധ്യ വികസന അതോറിറ്റി നിര്‍ദേശം നല്‍കി. ബജറ്റ് വിഭാഗത്തില്‍ വരുന്ന ഭക്ഷണശാലയില്‍ ചായയ്ക്കും ബ്രഡിനും 10 രൂപ വീതം മാത്രമേ ഈടാക്കാവൂ എന്നാണ് കരാര്‍.
ഭക്തജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സമിതിയുടെ കടമയാണെന്നും അമിത തുക ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ബില്ല് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മുന്തിയ ഹോട്ടലുകളിലെ സൗകര്യം തന്നെയാണ് ശബരി രസോയിയിലും നല്‍കുന്നതെന്ന വിശദീകരണവുമായി ഹോട്ടല്‍ അധികൃതര്‍ രംഗത്തെത്തി. അയോധ്യ വികസന സമിതിയുടെ നോട്ടിസിന് മറുപടി നല്‍കിയെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.