ശബരിമല ദര്‍ശനം നടത്തണമെന്ന ആവശ്യപ്പെട്ടുളള ഹര്‍ജിയുമായി 10 വയസുകാരി ഹൈക്കോടതിയില്‍; ഹര്‍ജി തളളി ഹൈക്കോടതി

Written by Web Desk1

Published on:

കൊച്ചി (Kochi) : ശബരിമല (Sabarimala) തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്. പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആര്‍ത്തവം ഉണ്ടാകാത്തതിനാല്‍ പ്രായപരിധി പരിഗണിക്കാതെ മലകയറാന്‍ അനുവദിക്കണം എന്നായിരുന്നു കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയുടെ ആവശ്യം.

പത്ത് വയസ്സിന് മുന്‍പ് കൊവിഡ് കാലത്ത് ശബരി മലയിലെത്താന്‍ ആഗ്രഹിച്ചതാണെന്നും അച്ഛന്റെ ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ലെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞു. ഇത്തവണ തന്നെ മലകയറാന്‍ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വത്തോട് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. ഇതോടെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നും പെണ്‍കുട്ടി കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 10 മുതല്‍ 50 വയസ്സ് വരെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം നിലപാടില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

Related News

Related News

Leave a Comment