കാന്തിവാലി: മുംബൈയിലെ കാന്തിവാലിയിൽ ബുധനാഴ്ചയാണ് സംഭവം. ആക്രിക്കാരിയായ 70 കാരിയെ മൂവായിരം രൂപയ്ക്കായി കൊലപ്പെടുത്തിയ സംഭവത്തിൽ ആക്രി പെറുക്കുന്നയാൾ അറസ്റ്റിൽ. മൻസൂർ ഷേയ്ഖ് എന്ന 51കാരനാണ് പിടിയിലായത്. തെരുവിൽ കഴിഞ്ഞിരുന്ന അനുസായ സാവന്ത് എന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് മൻസൂർ അനുസായ പണം കൂട്ടി വച്ചത് ശ്രദ്ധിക്കുന്നത്. ഈ പണം തട്ടിയെടുക്കാനായായിരുന്നു കൊലപാതകം.
ബുധനാഴ്ച വെളുപ്പിനെയാണ് കൊലപാതകം നടന്നത്. കല്ലുപയോഗിച്ച് മൻസൂർ 70കാരിയെ ആക്രമിക്കുകയായിരുന്നു. 3000 രൂപയായിരുന്നു 70 കാരി സ്വരുക്കൂട്ടി വച്ചികുന്നത്. കൊലപാതകം നടന്നതായി വിവരം ലഭിച്ചതിനേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൻസൂർ മുങ്ങിയതായി വ്യക്തമായത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.
സമാനമായ മറ്റൊരു സംഭവത്തിൽ മാതാപിതാക്കളെ അക്രമിച്ച മകൻ അറസ്റ്റിലായി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി പ്രമോദ് ചന്ദ്രനാണ് അറസ്റ്റിലായത്. പ്രമോദ് ആദ്യം വീട്ടുകാരോട് പണം ചോദിച്ചെത്തി. നൽകാൻ പണമില്ലെന്ന് പറഞ്ഞതോടെ ആദ്യം മാതാവിനെയും പിന്നാലെ പിതാവിനെയും മർദ്ദിക്കുകയായിരുന്നു. പിതാവിന്റെ മുതുകിനാണ് യുവാവ് ഇടിച്ചത്. നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെ ഫോർട്ട് പൊലീസെത്തി പ്രമോദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.