ബെംഗളുരു (Bengaluru ) : ബെംഗളുരു (Bengaluru) വിലാണ് സംഭവം. വിവാഹാഭ്യർത്ഥന നിരസിച്ച 42 കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35 കാരൻ. ഫരീദ ഖത്തൂം (Farida Khatoom) എന്ന 42കാരിയാണ് ശനിയാഴ്ച മുഖത്തും കഴുത്തും നെഞ്ചിലുമായി കുത്തേറ്റ് മരിച്ചത്. ബെംഗളുരുവിലെ ഒരു സ്പായിലെ ജീവനക്കാരിയായിരുന്നു ഫരീദ. ജയാനഗർ സ്വദേശിയായ ഗിരീഷ് എന്ന 35കാരനായ ടാക്സി ഡ്രൈവറാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ഫരീദയും ഗിരീഷും സുഹൃത്തുക്കളായിരുന്നു. 2022ൽ ഫരീദ ജോലി ചെയ്തിരുന്ന സ്പായിലെത്തിയ ശേഷമാണ് ഇവർ തമ്മിൽ സൌഹൃദം ഉടലെടുക്കുന്നത്. ബന്ധം പ്രണയത്തിലേക്കും എത്തിയിരുന്നു. ഭർത്താവിൽ നിന്ന വേർപിരിഞ്ഞ് താമസിച്ചിരുന്ന കൊൽക്കത്ത സ്വദേശിനിയായ ഫരീദയ്ക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്. അടുത്തിടെ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. ഇതോടെ പശ്ചിമ ബംഗാളിലേക്ക് തിരികെ പോയി ഫരീദ പെൺകുട്ടികളെ തനിക്കൊപ്പം കൊണ്ടുവന്നിരുന്നു. കുട്ടികളെ ബെംഗളുരുവിലെ കോളേജിൽ ചേർക്കാനുള്ള ശ്രമത്തിലായിരുന്നു ഫരീദ. ഇതിനിടയിലാണ് വിവാഹം ചെയ്യണമെന്ന് ഗിരീഷ് തുടർച്ചയായി ആവശ്യപ്പെടാൻ ആരംഭിച്ചത്. ഇപ്പോൾ സാധിക്കില്ലെന്നും ജീവിതത്തില് മറ്റ് ചില കാര്യങ്ങൾക്ക് മുൻഗണന നൽകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും 42കാരി പറഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
ഗിരീഷിന്റെ ജന്മദിനമായിരുന്നു മാർച്ച് 29. അന്ന് ഗിരീഷ് ഫരീദയേയും മക്കളേയും ഹോട്ടലിൽ കൊണ്ടുപോവുകയും ഷോപ്പിംഗിന് കൊണ്ട് പോവുകയും ചെയ്തിരുന്നു. ഇതിന് ശേഷം വൈകുന്നേരത്തോടെ ഫരീദയുമായി നടക്കാനിറങ്ങിയപ്പോഴാണ് യുവാവ് വിവാഹ അഭ്യർത്ഥന വീണ്ടും നടത്തിയത്. ഇത് യുവതി നിരസിച്ചതോടെ ഇയാൾ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഫരീദയെ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജയനഗർ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കീഴടങ്ങുകയായിരുന്നു.