തിരുവനന്തപുരം∙ രണ്ടോ മൂന്നോ ബൂത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ‘ശക്തികേന്ദ്ര’ സമിതിയുടെ ശക്തികേന്ദ്ര പ്രമുഖ് എന്ന കോഓർഡിനേറ്റർമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിലൊന്നും മോദി ഈ യോഗത്തിൽ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് ഒരുക്കത്തിന് ബിജെപി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംഘടനാ സംവിധാനമാണ് ശക്തികേന്ദ്ര. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കേരളത്തിലെ 7000 ശക്തികേന്ദ്ര പ്രമുഖന്മാരുടെ യോഗത്തിൽ പങ്കെടുത്ത് സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്തുടക്കമിടും.
30ന് മുൻപ് തന്നെ പ്രധാന സീറ്റുകളിൽ ചിലതിൽ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാകും. തൃശൂർ, ആറ്റിങ്ങൽ, പാലക്കാട്, പത്തനംതിട്ട എന്നീ സീറ്റുകളിൽ പ്രഖ്യാപനം നേരത്തെയുണ്ടാകും. തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി.മുരളീധരനും പാലക്കാട് സി.കൃഷ്ണകുമാറുമാകും മത്സരിക്കുക. പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്. പി.സി.ജോർജുമായി ധാരണയായാൽ ജോർജ് മത്സരിച്ചേക്കും. കോഴിക്കോട് ശോഭ സുരേന്ദ്രനും വടകരയിൽ എം.ടി.രമേശും മത്സരിക്കുമെന്നാണ് സൂചന.
എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്ര 27ന് കാസർകോട്ട് ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യും. ഓരോ മണ്ഡലത്തിലും 10 കിലോമീറ്റർ വീതമാണ് പദയാത്ര.