ബെംഗളൂരു (Bangluru) : കർണാടക(Karnataka) യിൽ 25 കാരനായ വിദ്യാർത്ഥി ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ മർദ്ദനം. മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചതിനാലാണ് വാഹിദ് റഹ്മാൻ (Wahid Rahman) എന്ന വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറി (Yadgir in Karnataka)ൽ തിങ്കളാഴ്ചയാണ് സംഭവം.
വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന സംഘം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. അഞ്ച് മണിക്കൂറോളം മുറിക്കുള്ളിൽ വെച്ച് പ്രവർത്തകർ തന്നെ മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വാഹിദ് റഹ്മാൻ പറഞ്ഞു. ഹിന്ദു സംഘടനയായ ബജ്‌റംഗ് ദളിൻ്റെ പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് വാഹിദ് റഹ്മാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. അതേസമയം, പ്രതികളെല്ലാം ഒളിവിലാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.