വയനാട് (Wayanad) : യുവാവിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. (A young man was found hanging at the Kalpetta police station.) അമ്പല വയൽ സ്വദേശി ഗോകുലാണ് (18) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മാർച്ച് 26ന് കൽപ്പറ്റയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ് അന്വേഷണണത്തിൽ പെൺകുട്ടിയെ കോഴിക്കോട് നിന്നും കണ്ടെത്തി. ഈ സമയം കുട്ടിയോടൊപ്പം ഗോകുലും ഉണ്ടായിരുന്നു. ഇവരെ കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ പൊലീസ് വീട്ടുകാർക്കൊപ്പം വിട്ടു.
ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഇതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയി. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പൊലീസുകാർ പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.