പയ്യാമ്പലം: കണ്ണൂരിൽ ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് സി എച്ച് ആണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 134.178 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. അഞ്ച് ലക്ഷം രൂപയോളം വില വരും പിടികൂടിയ രാസലഹരിക്കെന്ന് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സി പറഞ്ഞു.
പായ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയ്. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ വന്ന യുവാവിനെ കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇയാൾ മുൻപും വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് മെത്താംഫിറ്റമിൻ കൊണ്ട് വന്നതെന്നും ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു.
മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ വിൽപ്പന നടത്തുന്നത് 10 വർഷം മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പൊലീസ് അറിയിച്ചു. സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർമാരായ ഷിബു കെ സി, അബ്ദുൾ നാസർ ആർ പി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആയ സുജിത്ത്, സിവിൽ എക്സ്സൈ് ഓഫീസർ വിഷ്ണു, വനിതാ സിവിൽ എക്സ്സൈ് ഓഫീസർ സീമ പി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു.
അതിനിടെ എറണാകുളത്ത് കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസിന്‍റെ പിടിയിലായി. പശ്ചിമ ബംഗാൾ മൂർഷിതബാദ് സ്വദേശി അബൂബക്കർ ആണ് അറസ്റ്റിൽ ആയത്. ഇയാളിൽ നിന്ന് 1.434 കിലോഗ്രാം കഞ്ചാവ് പിടികൂടി. പെരുമ്പാവൂർ ഭാഗത്ത് അതിഥി തൊഴിലാളികൾക്ക് ഇയാൾ വൻതോതിൽ ലഹരി വില്പന നടത്തുന്നുണ്ടെന്ന് എക്സൈസ് ഐ.ബി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ കെ.പി പ്രമോദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.