മത്സ്യത്തൊഴിലാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷകളുമായി പൊഴിയൂരില്‍ ഫിഷിംഗ് ഹാര്‍ബര്‍ വരുന്നു…

Written by Taniniram

Published on:

പൂവാര്‍: പൊഴിയൂരിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷകളുമായി തീരത്ത് ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുന്നു. ഇതിന്റെ പ്രാഥമിക നടപടികള്‍ക്കായി 5 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചു. പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിംഗ് ഹാര്‍ബറുകളില്‍ രണ്ടാമനായി പൊഴിയൂര്‍ മാറും. പ്രദേശവാസികളുടെ നീണ്ടകാല സ്വപ്‌നമാണ് ഏത് കാലാവസ്ഥയിലും വള്ളമിറക്കാന്‍ കഴിയുന്ന ഒരു ആധുനിക ഫിഷിംഗ് ഹാര്‍ബര്‍. കേരള അതിര്‍ത്തിയായ കൊല്ലങ്കോടു മുതല്‍ പൂവാര്‍ പൊഴിക്കര വരെ ഏകദേശം അരലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണുള്ളത്. ഇവരില്‍ ബഹുഭൂരിപക്ഷവും ദൂരസ്ഥലങ്ങളിലെ ഫിഷിംഗ് ഹാര്‍ബറുകളെ ആശ്രയിച്ചാണ് തൊഴിലെടുക്കുന്നത്. ബാക്കിവരുന്ന പത്ത് ശതമാനം മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് തദ്ദേശികമായി പരമ്പരാഗത രീതിയില്‍ തൊഴിലെടുക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട് ഭാഗത്ത് കടലില്‍ പുലിമുട്ട് നിര്‍മ്മിച്ചതോടെ കൊല്ലങ്കോട് മുതലുള്ള ഒരു കിലോമീറ്ററോളം ദൂരത്ത് കടല്‍കയറി വള്ളം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കൂടാതെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായും ഭൂരസ്ഥലങ്ങളില്‍ പോയി പണിയെടുക്കേണ്ടിവരുന്നതിനാലും അധിക ചെലവും തൊഴില്‍ ദിനങ്ങളില്‍ വലിയ നഷ്ടവും സംഭവിക്കുന്നതായും പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

നിര്‍മ്മാണത്തിന് അനുയോജ്യം

പൊഴിയൂര്‍ തീരം ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് അനുയോജ്യമാണെന്നാണ് പ്രാഥമിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൊല്ലങ്കോട്, പരുത്തിയൂര്‍, പൂവാര്‍ പൊഴിക്കര വരെ വിശാലമായ പുറമ്പോക്കു ഭൂമിയുള്ളതിനാല്‍ പ്രത്യേകിച്ച് സ്ഥലം ഏറ്റെടുക്കേണ്ടതില്ല. പരുത്തിയൂര്‍ പ്രദേശത്തെ കടലിന് ആഴക്കൂടുതല്‍ ഉള്ളതിനാല്‍ നിര്‍മ്മാണച്ചെലവ് കുറയ്ക്കാനുമാകും. ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ കൊല്ലങ്കോട് മുതല്‍ പൂവാര്‍ പൊഴിക്കര വരെ പുലിമുട്ട്, ഹാര്‍ബര്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.

നിര്‍മ്മാണച്ചെലവ്…….. 346 കോടി

സംസ്ഥാന വിഹിതം…….. 146 കോടി

കേന്ദ്ര വിഹിതം…….200 കോടി

നിര്‍മ്മാണം രണ്ട് ഘട്ടങ്ങളില്‍

ഹാര്‍ബര്‍ നിര്‍മ്മാണം രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ഒന്നാമതായി ചെറുതും വലുതുമായ വള്ളങ്ങള്‍ക്കായി 200 മീറ്റര്‍ വീതിയില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കും. കൂടാതെ പുലിമുട്ടുകള്‍ക്ക് തമ്മില്‍ 800 മീറ്റര്‍ വീതിയുണ്ടാകും. 300 മീറ്റര്‍ കടലിലേയ്ക്ക് തള്ളി നില്‍ക്കുന്ന തരത്തിലാണ് രൂപകല്പന. രണ്ടാം ഘട്ടമായി ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കൂടി ഹാര്‍ബറില്‍ സൗകര്യമൊരുക്കും. ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മാനേജ്‌മെന്റ് സൊസൈറ്റികള്‍ നിലവില്‍ വരും. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്കും ഉപഭോക്താവിനും ചൂഷണത്തില്‍ നിന്ന് മോചനം നേടാനാകും.

ഗുണങ്ങള്‍ ഏറെ

അന്തര്‍ ദേശീയ നിലവാരമുള്ള വിപണന സംസ്‌കരണ സംവിധാനം ഉറപ്പുവരുത്തും.

ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെ വേഗം നടപ്പാക്കാന്‍ കഴിയും

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താനാകും.

ദൈനംദിന മേല്‍നോട്ടത്തിന് സ്ഥിരം സംവിധാനമുണ്ടാകും.

അനുബന്ധ മേഖലയില്‍ തൊഴില്‍ വര്‍ദ്ധിക്കും.

പ്രദേശത്ത് റോഡുകള്‍ നവീകരിക്കപ്പെടുക വഴി ഗതാഗതസൗകര്യം മെച്ചപ്പെടും.

പ്രതികരണം

പൊഴിയൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും.

See also  കേച്ചേരി-കുന്നംകുളം റോഡില്‍ യാത്ര ഒഴിവാക്കി മുഖ്യമന്ത്രി;റോഡിലെ കുഴികള്‍ കാരണം യാത്രാറൂട്ട് മാറ്റി

കെ.ആന്‍സലന്‍ എം.എല്‍.എ

Related News

Related News

Leave a Comment