സത്യത്തിന് സാക്ഷിയായ ക്ഷേത്രം എന്നറിയപ്പെടുന്ന കരിക്കകം ചാമുണ്ഡിക്ഷേത്ര (Karikkakom Chamundi Temple) ഉത്സവത്തിന്റെ സമാപനംകുറിച്ച് പൊങ്കാല വെള്ളിയാഴ്ച നടക്കും.വ്യാഴാഴ്ച രാവിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവിയുടെ കമനീയമായ പുറത്തെഴുന്നള്ളത്ത് നടന്നു. പൊങ്കാലയ്ക്കു ശേഷം ശനിയാഴ്ച രാവിലെ 7.30-ന് ക്ഷേത്രനട തുറക്കും. മീനത്തിലെ മകം നാളിലാണ് കരിക്കകം പൊങ്കാല. വെള്ളിയാഴ്ച രാവിലെ 10.15-ന് തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍നിന്നുള്ള ദീപം പൊങ്കാലക്കളത്തില്‍ എഴുന്നള്ളിച്ച് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും. ഉച്ചയ്ക്ക് 2.15-ന് പൊങ്കാല തര്‍പ്പണം. രാത്രി നടക്കുന്ന കുരുതിയോടുകൂടി ഉത്സവം സമാപിക്കും. ക്ഷേത്രപരിസരത്തും സമീപത്തെ വീടുകളിലും വ്യാഴാഴ്ചയോടെ പൊങ്കാലയ്ക്കുള്ള അടുപ്പുകള്‍ നിരന്നുതുടങ്ങി.
പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 5 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡില്‍ കുഴുവിള മുതല്‍ ചാക്ക വരെയുള്ള ഭാഗത്തും സര്‍വ്വീസ് റോഡുകള്‍, വെണ്‍പാലവട്ടം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍, മാധവപുരം റോഡ് കരിക്കകം ക്ഷേത്രം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവളം, ഈഞ്ചക്കല്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ചാക്ക ഭാഗത്തുനിന്ന് ലോര്‍ഡ്സ് ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം മേല്‍പ്പാലം വഴി വേള്‍ഡ് മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്യണം. തുമ്പ, പെരുമാതുറ ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങളുമായി എത്തുന്നവര്‍ വാഹനങ്ങള്‍ കൊച്ചുവേളി ഓള്‍ സെയ്ന്റ്സ് റോഡില്‍ ഇറക്കിയ ശേഷം ശംഖുമുഖം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ആറ്റിങ്ങല്‍, കഴക്കൂട്ടം ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ലുലു മാളിന് എതിര്‍വശം ആളെ ഇറക്കിയ ശേഷം ചാക്ക വരെയുള്ള സര്‍വ്വീസ് റോഡില്‍ പാര്‍ക്ക് ചെയ്യണമെന്നും പോലീസ് അറിയിച്ചു.