പോളണ്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 27 വർഷമായി യുവതിയെ കാണാനില്ല. ഒടുവിൽ കണ്ടെത്തിയത് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പൂട്ടിയിട്ട നിലയിൽ. മാതാപിതാക്കൾ തന്നെയാണ് യുവതിയെ കിടപ്പുമുറിയിൽ പുറംലോകം കാണാതെ പൂട്ടിയിട്ടത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. മിറെല്ല എന്നാണ് യുവതിയുടെ പേര്. 1998 -ൽ 15 വയസ്സായതിന് ശേഷം അവളെ പുറംലോകത്ത് ആരും കണ്ടിട്ടില്ല. മകളെ കാണാനില്ല എന്നാണ് മാതാപിതാക്കൾ എല്ലാവരോടും പറഞ്ഞത്. അയൽക്കാരടക്കം എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു.
എന്നാൽ, ഈ വർഷം ജൂലൈയിൽ ഇവരുടെ അപ്പാർട്ട്മെന്റിൽ അസ്വാഭാവികമായി എന്തോ നടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് പൊലീസുകാർ തിരച്ചിൽ നടത്തി. അപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്. പൊലീസ് ഫ്ലാറ്റിലേക്ക് പ്രവേശിച്ചപ്പോൾ കണ്ടത് മിറെല്ലയെ ഒരു ചെറിയ ഇരുണ്ട മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതാണ്. തീരെ മെലിഞ്ഞും, ദുർബലയായും, ജീവൻ നിലനിർത്താൻ പാടുപെട്ട് കിടക്കുന്ന മിറെല്ലെയയാണ് പൊലീസ് കണ്ടത്. അവളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു, അണുബാധ മൂലം അവൾ മരണത്തിന്റെ വക്കിലായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.
മിറെല്ലയെ കണ്ടെത്തിയത് ജൂലൈയിലാണ്. എന്നാലിപ്പോൾ അവളെ ആരോഗ്യത്തിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവരുന്നതിനായി അവളുടെ അയൽക്കാർ ഫണ്ട് ശേഖരണം തുടങ്ങിയപ്പോഴാണ് വാർത്ത വെളിച്ചത്ത് വന്നത്. ഗുരുതരമായ അവസ്ഥയിൽ രണ്ട് മാസമായി മിറെല്ല ആശുപത്രിയിൽ കഴിയുകയാണ്. സംഘാടകർ അവളുടെ അവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്. ‘അവളുടെ അവസ്ഥ വളരെ മോശമാണ്. അവളെ എന്തിന് പൂട്ടിയിട്ടു എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ല. എന്നാൽ, ആരോഗ്യവതിയായ ഈ പതിനഞ്ചുകാരിയെ എന്തിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ അടച്ചിട്ടു എന്ന കാര്യത്തിൽ സത്യം പുറത്തുവരണം. ഒരു മുറിയിൽ ഇത്രയും കാലം കഴിയുക എന്നത് സങ്കല്പിക്കാൻ പോലും സാധിക്കില്ല’ എന്നും സംഘാടകർ പറയുന്നു.