യുഎസിലെ ന്യൂയോർക്കിൽ നിന്നുള്ള 42 കാരിയായ കൺസ്ട്രക്ഷൻ കമ്പനി ഉടമ എറിൻ ക്ലാൻസി നിരവധി കൃത്രിമ ഗര്‍ഭധാരണ ശ്രമങ്ങള്‍ക്ക് ശേഷം, ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ ഏറെ അസാധാരണമായ പ്രസവമായിരുന്നു അവരുടെത്. എറിന്‍ ക്ലാന്‍സി പ്രസവിച്ച ഒരു കുഞ്ഞ് അവരുടെ സ്വന്തവും മറ്റേ കുഞ്ഞ് വാടക ഗര്‍ഭധാരണത്തിലൂടെ ഉണ്ടായതുമാണെന്ന് പറയുന്നു. അതേസമയം രണ്ട് കുട്ടികളുടെയും ജനനത്തിനിടയില്‍ ആറ് മാസത്തെ കാലയളവുണ്ട്. ഒരാള്‍ ജനിച്ച് സ്ഥലത്ത് നിന്നും 1600 കിലോമീറ്റര്‍ അകലെയാണ് രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനമെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി 2016 ജനുവരിയിലാണ് താന്‍ ആദ്യമായി ബ്രയനെ കണ്ടുമുട്ടിയതെന്ന് എറിൻ ക്ലാൻസി പറയുന്നു. 2020 ല്‍ ഇരുവരും വിവാഹിതരായി. 2021 ല്‍ ഒരു കുഞ്ഞിനെ വളര്‍ത്താന്‍ ഇരുവരും തീരുമാനിച്ചു. പക്ഷേ, എറിന്‍ ഗര്‍ഭിണിയായില്ല. ഒടുവില്‍ 2021 ജൂണിൽ 39 വയസ്സുള്ളപ്പോൾ മുതല്‍ എറിന്‍ ഐവിഎഫ് ചികിത്സ തുടങ്ങി. നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. മരുന്നുകളുടെ അനന്തരഫലമായി മൈഗ്രൈന്‍ പോലുള്ള രോഗങ്ങള്‍ കൂടിയതോടെ ഇരുവരും വാടക ഗര്‍ഭധാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചു.
2022 -ലാണ് ഇതിനായി ഇരുവരും ഒരാളെ കണ്ടെത്തുന്നത്. വാടക ഗര്‍ഭധാരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിനിടെയാണ് താനും ഗര്‍ഭിണിയാണെന്ന് എറിന്‍ അറിഞ്ഞത്. അതേസമയം വാടക ഗര്‍ഭധാരണം നിലനിര്‍ത്താനും ഇരുവരും തീരുമാനിച്ചു. 2023 -ല്‍ എറിന്‍ തന്‍റെ സ്വന്തം കുഞ്ഞ്, ഡിലനെ പ്രസവിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷം ഇല്യനോയില്‍ നിന്നും 1400 കിലോമീറ്റര്‍ അകലെ വാടക ഗര്‍ഭധാരണത്തിലൂടെ ഡെക്ലാന്‍ ജനിച്ചു. അങ്ങനെ താന്‍ രണ്ട് കുട്ടികളുടെ അമ്മയായെന്ന് എറിന്‍ അവകാശപ്പെടുന്നു.
രണ്ട് കുട്ടികളുടെയും ജനനത്തെ കുറിച്ച് എറിന്‍ തന്നെ സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പാണ് വിവരം പുറത്തറിയിച്ചത്. ‘കുട്ടികള്‍ക്ക് പ്രായമാകുമ്പോള്‍ അവരിരുവരും ഏങ്ങനെയാണ് സഹോദരങ്ങളായതെന്ന് ഞാന്‍ വിശദീകരിക്കും. അതിനായി ഞങ്ങള്‍ നടത്തിയ യാത്രകളെ കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നത് ഞാന്‍ കാര്യമാക്കുന്നില്ല.’ എറിന്‍ പറയുന്നു.