പ്രണയബന്ധങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായ കാരണങ്ങളാൽ തകരാറുണ്ട്. ചൈനയിലെ ഒരു യുവതിക്ക് നേരിടേണ്ടി വന്നത് അത്തരത്തിലുള്ള ഒരനുഭവമാണ്. (Romantic relationships often end for unexpected reasons. A young woman in China had to face such an experience.) കാമുകനോടൊപ്പം ഒരു ഹോട്ടലിൽ പോയപ്പോൾ ഫോൺ സ്വയം വൈഫൈയുമായി ബന്ധിപ്പിച്ചതിനെ തുടർന്ന് കാമുകൻ യുവതിയെ ഉപേക്ഷിച്ചു. കാമുകി തന്നെ വഞ്ചിച്ചു എന്നാരോപിച്ചായിരുന്നു യുവാവിൻ്റെ പിന്മാറ്റം.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ലി എന്നാണ് ഈ യുവതിയുടെ പേര്. താൻ നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ലി, സത്യം തെളിയിക്കാൻ മുന്നിട്ടിറങ്ങി. മെയ് ദിന അവധിക്കാലത്ത് തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗിലുള്ള ഒരു ഹോട്ടലിൽ താനും മുൻ കാമുകനും പോയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം എന്ന് ലി പറയുന്നു.
ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ ശ്രമിക്കുമ്പോൾ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ഐഡി കാർഡ് കൈവശമില്ലാതിരുന്നതിനാൽ ഡിജിറ്റൽ ഐഡൻ്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ലിയുടെ ഫോൺ യാന്ത്രികമായി ഹോട്ടലിൻ്റെ വൈഫൈ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കപ്പെട്ടു.
ഇരുവരും ആദ്യമായാണ് ആ ഹോട്ടലിൽ പോകുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ലി മുൻപ് അവിടെ വന്നിട്ടുള്ളതിനാലാണ് വൈഫൈ സ്വയം കണക്ടായത് എന്നായിരുന്നു കാമുകൻ്റെ ആരോപണം. ലി പലതവണ താൻ ആദ്യമായാണ് ആ ഹോട്ടലിൽ വരുന്നതെന്ന് പറഞ്ഞെങ്കിലും കാമുകൻ അത് വിശ്വസിക്കാൻ തയ്യാറായില്ല. ഒടുവിൽ, അയാൾ ലി യെ ഉപേക്ഷിച്ച് പോവുകയായിരുന്നു.
ലിയുടെ സുഹൃത്തുക്കൾ പോലും അവളെ സംശയിച്ചു. ഇതോടെ, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ലി തീരുമാനിച്ചു. അന്വേഷണത്തിൽ, താൻ മുൻപ് ജോലി ചെയ്തിരുന്ന ഹോട്ടലിലെ അതേ യൂസർ നെയിമും പാസ്‌വേഡുമാണ് ഈ ഹോട്ടലിലെ വൈഫൈക്കും ഉണ്ടായിരുന്നത് എന്ന് ലി കണ്ടെത്തി. ഈ വിവരം കാമുകനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അവൻ അവളെ ബ്ലോക്ക് ചെയ്തിരുന്നു.
അവസാനം, ലി ഒരു പ്രാദേശിക വാർത്താ ചാനലിനെ സമീപിച്ചു. അവിടുത്തെ ഒരു റിപ്പോർട്ടർ ലിയോടൊപ്പം രണ്ട് ഹോട്ടലുകളിലും പോയി സത്യം മനസ്സിലാക്കി. അങ്ങനെ ഈ സംഭവം വാർത്തയായി. ആ കാമുകൻ ഇനി തിരികെ വന്നാലും തനിക്ക് അയാളെ വേണ്ട എന്ന് ലി തീർത്തുപറയുന്നു.