ന്യൂഡല്‍ഹി (Newdelhi) : വെള്ളം നല്‍കില്ലെങ്കില്‍ ആണവയുദ്ധമുണ്ടാകുമെന്ന പാകിസ്ഥാന്‍ ഭീഷണിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി. (Pakistan’s threat of nuclear war if water is not provided is met with a retaliatory response.) സിന്ധു നദിയിലേക്കുള്ള വെള്ളം തടഞ്ഞല്ല ഇന്ത്യയുടെ ആദ്യ തിരിച്ചടി. മറിച്ച് വെള്ളം തുറന്നു വിട്ടാണ് പാക്കിസ്ഥാനെ കുടുക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ നല്‍കുന്നത് ശക്തമായ സന്ദേശമാണ്. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാന്‍ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി. ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തില്‍ പാക്കിസ്ഥാന്‍ ഞെട്ടിവിറച്ചു. മിന്നല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാക്കിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.
കൊഹാല, ധാല്‍കോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ”ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വെള്ളം ഇരച്ചുകയറി, ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാന്‍ ഞങ്ങള്‍ പാടുപെടുകയാണ്,” പാക് അധീന കശ്മീരിലെ നദീതീരത്തുള്ള ഡുമെല്‍ എന്ന ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആസിഫ് പറഞ്ഞു. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തുടങ്ങിയ പ്രദേശങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയര്‍ന്നതോടെ താമസക്കാരെ ഒഴിപ്പിച്ചു. ഝലം നദിയിലേക്ക് ഇന്ത്യ പതിവിലും കൂടുതല്‍ വെള്ളം തുറന്നുവിടുകയാണ് ഉണ്ടായത്. ഇന്ത്യ മനഃപൂര്‍വ്വം ഡാമിലെ വെള്ളം തുറന്നുവിട്ടതെന്ന് പാക് അധീന കശ്മീരിലെ സര്‍ക്കാര്‍ ആരോപിച്ചു. മുന്‍കൂര്‍ അറിയിപ്പ് നല്‍കാത്തത് അന്താരാഷ്ട്ര ജലസേചന നിയമത്തിന്റെ ലംഘനമാണെന്ന് ഇത് അവര്‍ പറഞ്ഞു. സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തുറന്നുവിടുന്നത് ഒരു സാധാരണ പ്രവര്‍ത്തന നടപടിക്രമമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിന്ധുനദി ജലകരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതോടെ പാക്കിസ്ഥാന്‍ കാര്‍ഷികമേഖ തകരുമെന്നാണ് വിലയിരുത്തല്‍. പാക് ജിഡിപിയുടെ വലിയൊരു പങ്ക് കാര്‍ഷികരംഗത്തിന്റെ സംഭാവനയാണ്. ഭാവിയില്‍ നദീജലത്തിന്റെ ലഭ്യത ഇന്ത്യ കുറച്ചാല്‍ പാക്കിസ്ഥാനിലെ കൃഷിയിടങ്ങള്‍ തളരും. അത് വലിയൊരു തകര്‍ച്ചയിലേക്കാകും പാക്കിസ്ഥാനെ നയിക്കുക. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അത് താങ്ങാന്‍ പാക്കിസ്ഥാനാകില്ല. അതുകൊണ്ടാണ് ആണവ ഭീഷണി അടക്കമുയര്‍ത്തി ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാക്കിസ്ഥാന്‍ ശ്രമം. വെള്ളം തടയാന്‍ നിരവധി ദീര്‍ഘകാല പദ്ധതികള്‍ പരിഗണനയിലുണ്ട്. പക്ഷേ ഉടനടിയും ഭാവിയിലേക്കും നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിക്കാണ് മുന്‍ഗണനയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഡാം തുറന്നു വിട്ടും പാകിസ്ഥാനെ പ്രതിസന്ധിയിലാക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് പുതിയ സംഭവം.
ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം, സിന്ധുനദീജല സംവിധാനത്തിലെ മൂന്ന് കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണ്. അതേസമയം മൂന്ന് പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയില്‍ നിന്ന് ഏകദേശം 135 ദശലക്ഷം ഏക്കര്‍ അടി (എംഎഎഫ്) വെള്ളം പാക്കിസ്ഥാന് ലഭിക്കുന്നു. ഇവയെല്ലാം ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളാണ്. സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യുന്നതിനും ജലസംഭരണി ശേഷി വര്‍ദ്ധിപ്പിക്കുന്നതുമാണ് ഹ്രസ്വകാലത്തേക്ക് പരിഗണനയിലുള്ള മാര്‍ഗങ്ങള്‍. ഇതെല്ലാം പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കും. ഝലം നദിയുടെ ഒരു പോഷകനദിയിലെ കിഷെന്‍ഗംഗ, ചെനാബിന്റെ ഒരു പോഷകനദിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് ജലവൈദ്യുത പദ്ധതികളെ പാക്കിസ്ഥാന്‍ എതിര്‍ത്തുവരികയാണ്.
കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിലൂടെ പാകിസ്ഥാന്റെ എതിര്‍പ്പുകള്‍ അവഗണിക്കാന്‍ കഴിയുന്ന സാഹചര്യവും ഉണ്ടാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഈ നദികളില്‍ പുതിയ അണക്കെട്ടുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നതും പരിഗണനയിലുണ്ട്. സിന്ധു നദീജലകരാര്‍ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നല്‍കി ഇന്ത്യ അതിവേഗ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ലോകബാങ്ക് ഇടപെട്ടുള്ള തര്‍ക്കപരിഹാര ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്‍മാറും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടിയിട്ടുണ്ട്. സിന്ധു നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികളില്‍ പാകിസ്ഥാന്റെ പരാതിയില്‍ ലോകബാങ്ക് ഇടപെട്ടിരുന്നു. ഇനി ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന് നിലപാടാണ് ഇന്ത്യയുടേത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു. പആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജല്‍ ശക്തി മന്ത്രി സിആര്‍ പാട്ടീല്‍ നിലപാട് കടുപ്പിച്ചത്.