Friday, April 4, 2025

ജിമ്മിലെ ട്രെഡ്‍മില്ലിൽ നിന്ന് ബാലൻസ് തെറ്റി പുറത്തേക്കു വീണ യുവതിക്ക് ദാരുണാന്ത്യം…

Must read

- Advertisement -

ഇന്തോനേഷ്യ: കെട്ടിത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ജിമ്മിൽ നിന്ന് ബാലൻസ് തെറ്റി താഴേക്ക് പതിച്ച 22 വയസുകാരിയായ യുവതിക്ക് ദാരുണാന്ത്യം. ട്രെഡ്‍മില്ലിൽ നിന്നാണ് യുവതി പിന്നിലേക്ക് വീണത്. പിന്നിലുണ്ടായിരുന്ന ജനൽ തുറന്നു കിടക്കുകയായിരുന്നതിനാൽ അതിലൂടെ കെട്ടിടത്തിന്റെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ട്രെഡ്‍മില്ലിൽ ഓടുന്നതിനിടെ മുഖം തുടയ്ക്കാൻ ടവ്വൽ എടുക്കുമ്പോഴാണ് പെട്ടെന്ന് ബാലൻസ് തെറ്റി പിന്നിലേക്ക് വീണത്. ജനലിന്റെ ഫ്രെയിമിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്ന് നിലയുടെ ഉയരത്തിൽ നിന്ന് താഴേക്ക് വീണതിനാൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണ കാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഒരു യുവാവിനൊപ്പമാണ് യുവതി ജിമ്മിലെത്തിയത്. തുടർന്ന് അര മണിക്കൂറോളം വ്യായാമം ചെയ്തു. ഒപ്പമെത്തിയ യുവാവ് ഈ സമയം രണ്ടാം നിലയിലെ ജിമ്മിലായിരുന്നു.

ട്രെഡ്‍മില്ലും പിന്നിലെ ജനലും തമ്മിൽ 60 സെന്റീമീറ്റർ മാത്രം അകലമാണ് ഉണ്ടായിരുന്നതെന്നും അപകടകരമായ രീതിയിലാണ് ട്രെഡ്‍മിൽ ജിമ്മിനുള്ളിൽ സജ്ജീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജനലുകൾ തുറക്കരുതെന്ന് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടായിരുന്നെങ്കിലും അവയിൽ പലതും ഇളകിപ്പോയിരുന്നു.

ജനലുകൾ അടയ്ക്കണമെന്ന് ട്രെയിനർമാരോട് നിർദേശിച്ചിരുന്നതായാണ് ജിം ഉടമയുടെ വാദം. യുവതിക്ക് അപകടമുണ്ടായ സമയം ട്രെയിന‌ർ വിശ്രമിക്കുകയായിരുന്നത്രെ. അപകടത്തെ തുടർന്ന് ജിം മൂന്ന് ദിവസത്തേക്ക് അടച്ചു. ജിം നടത്തിപ്പുകാരുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു.

ഇവർക്ക് നൽകിയ പെർമിറ്റ് പുനഃപരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. അപകടത്തിന് സാക്ഷികളായവരെയും പൊലീസ് ചോദ്യം ചെയ്തു.വിദഗ്ധ അഭിപ്രായങ്ങളും തേടുന്നുണ്ട്. അതേസമയം ജിമ്മുകളിലെ സുരക്ഷയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.

See also  കുഞ്ഞിനു മരുന്ന് വാങ്ങാന്‍ പോയ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങി …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article