ശ്രീനഗർ (Sreenagar) : ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ പാക് പട്ടാളത്തിന്റെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. (A woman was killed in shelling by Pakistani troops in Uri, Baramulla district of Jammu and Kashmir.) വെള്ളിയാഴ്ച പുലർച്ചെയാണ് വടക്കൻ കാശ്മീരിലെ ഉറിയിൽ ഷെല്ലാക്രമണം തുടങ്ങിയത്. മൊഹുറയ്ക്ക് സമീപം റസേർവാനിയിൽ നിന്ന് ബാരാമുള്ളയിലേക്ക് പോകുകയായിരുന്ന വാഹനം ഷെല്ലിൽ ഇടിച്ചായിരുന്നു മരണം. റസേർവാനിയിൽ താമസിക്കുന്ന നർഗീസ് ബീഗം ആണ് പാക് ഷെല്ലാക്രമണത്തിൽ മരിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തിൽ ഷെൽ പതിക്കുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ നർഗീസ് ബീഗം മരണപ്പെടുകകയിരുന്നു. നർഗീസിന് പുറമെ ഹഫീസ എന്ന മറ്റൊരു സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ജിഎംസി ബാരാമുള്ളയിലേക്ക് മാറ്റി.
ഉറിയിൽ നടന്ന ഷെല്ലാക്രമണത്തിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജമ്മുവിൽ പുലർച്ചെ 4.15 വരെ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായി. ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധ സംവിധാനം തകർത്തു. കുപ്വാരയിൽ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടിവെയ്പ്പ് തുടരുകയാണ്. നിയന്ത്രണ രേഖയിലെ പാക് പ്രകോപനത്തിന് ശക്തമായ മറുപടി നൽകിയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, വ്യോമാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ചണ്ഡീഗഡിൽ സുരക്ഷ കർശനമാക്കി. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി നഗരത്തിൽ എയർ സൈറൺ മുഴക്കി. പ്രദേശവാസികൾ വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകി. ചണ്ഡീഗഡിൽ പാക്കിസ്ഥാൻ ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന് വിവരത്തെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. ഇന്ത്യൻ സൈന്യത്തിന്റെ തന്ത്ര പ്രധാനമായ മേഖലയാണ് ചണ്ഡീഗഡ്.