ഇസ്ലാമാബാദ് (Islamabad) : ലോകമെമ്പാടും ‘ഓപ്പറേഷൻ സിന്ദൂർ’ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച് വാർത്ത വായിക്കുന്ന പാകിസ്ഥാൻ അവതാരകയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലൈവിനിടെ വികാരഭരിതയായിട്ടാണ് വാർത്ത വായിക്കുന്നത്. ഇതിനിടയിൽ പൊട്ടിക്കരയുന്നതും കാണാം. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ ആക്രമണം നടത്തിയതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അവർ കരയുന്നത്. ഇന്ത്യയുടെ സൈനിക നടപടിയിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടെന്നാണ് അവതാരകയുടെ അവകാശവാദം. “യാ അല്ലാ” എന്നും അവർ പറയുന്നത് കേൾക്കാം. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, വീഡിയോ ഒറിജിനൽ തന്നെയാണെന്ന് വ്യക്തമല്ല.
കഴിഞ്ഞ മാസം കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഭീകരത അംഗീകരിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രിയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഒമ്പത് പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തെന്ന് കരസേന അറിയിച്ചു. കോട്ട്‌ലി, ബഹ്‌വൽപ്പൂർ, മുസാഫറാബാദ്, മുറിഡ്കെ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിസൈൽ ആക്രമണം നടത്തുകയായിരുന്നെന്നാണ് സൂചന. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിലും നടപ്പാക്കുന്ന രീതിയിലും ഇന്ത്യ ഗണ്യമായ രീതിയിൽ സംയമനം പാലിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ആർമി അറിയിച്ചു.