വാട്ടർഫോർഡ് (Waterford) : ആറ് വയസുകാരി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായ വംശീയ ആക്രമണത്തിന്റെ നടുക്കം മാറാതെ കോട്ടയം സ്വദേശിയായ അനുപ. (Anupa, a native of Kottayam, is still shaken by the racist attack that occurred while her six-year-old daughter was playing in front of her house.) അയർലൻഡിലെ വാട്ടർഫോർഡിലെ കിൽബാരിയിലെ വീടിന് മുന്നിൽ വച്ചാണ് അനുപയുടെ ആറ് വയസ് പ്രായമുള്ള മകൾ 12 മുതൽ 14 വയസ് വരെ പ്രായമുള്ള കൗമാരക്കാരുടെ ആക്രമണത്തിന് ഇരയായത്.
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ വംശീയ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല അനുപയും കുടുംബവും. എട്ട് വർഷത്തോളമായി അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന അനുപയ്ക്കും ഭർത്താവ് നവീനും അടുത്തിടെയാണ് അയർലൻഡ് പൗരത്വം ലഭിച്ചത്. വെസ്‌റ്റ്‌ഫോർഡിലെ വീട്ടിലേക്ക് കഴിഞ്ഞ ജനുവരിയിലാണ് ഇവർ താമസത്തിനെത്തിയത്. നഴ്സായി ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് ജോലി ചെയ്തിട്ടുള്ളത്.
ഇന്ത്യക്കാരിയെന്നതിൽ അഭിമാനമുണ്ട്. അയർലൻഡ് തന്റെ രണ്ടാമത്തെ രാജ്യമാണ്. അയർലൻഡ് പൗരത്വത്തിൽ തനിക്ക് സന്തോഷമുണ്ട്. എന്നാൽ മകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇവിടെയുള്ള ആൾ അല്ലെന്ന തോന്നലാണ് മനസിലുണ്ടാക്കിയതെന്നാണ് കോട്ടയം സ്വദേശിയായ അനുപ പ്രതികരിച്ചത്. അയർലൻഡിൽ നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് സേവനം ചെയ്യുന്നത് എന്നിട്ടും ആളുകൾ വൃത്തികെട്ടവരെന്ന് വിളിക്കുന്നതും കുട്ടികളെ പോലും ആക്രമിക്കുന്നതും ഭീതിപ്പെടുത്തുന്നുണ്ടെന്നും അനുപ പറയുന്നു.
മകളെ ഇത്രയും ഭയന്ന അവസ്ഥയിൽ ഇതിന് മുൻപ് കണ്ടിട്ടില്ല. സംസാരിക്കാൻ പോലും സാധിക്കാത്ത നിലയിൽ കരയുകയും അസ്വസ്ഥമായും ആണ് മകളുള്ളത്. മകൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ് വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സൈക്കിൾ കയറ്റിയായിരുന്നു കൗമാരക്കാരുടെ വംശീയ ആക്രമണം. അഞ്ച് പേർ ചേർന്നാണ് ആറ് വയസുകാരിയെ മുഖത്ത് ഇടിച്ച് വീഴ്ത്തിയത്. വൃത്തികെട്ട ഇന്ത്യക്കാർ തിരിച്ച് ഇന്ത്യയിലേക്ക് പോകൂവെന്ന് ആക്രോശിച്ചായിരുന്നു കഴുത്തിന് ഇടിച്ചും മുടി പിടിച്ചുമുള്ള മർദ്ദനമെന്നാണ് അനുപ പ്രതികരിക്കുന്നത്.
പുറത്ത് പോയി കളിക്കാൻ ഭയക്കുന്ന അവസ്ഥയിലാണ് മകളുള്ളത്. രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തം വീടിന് മുൻപിൽ പോലും ഇറങ്ങാൻ ഭയക്കുന്ന സാഹചര്യമാണ് നേരിടുന്നത്. മകളെ സംരക്ഷിക്കാൻ സാധിക്കാതെ വന്നതിൽ വളരെ ദുഖമുണ്ട്. ഇത്തരമൊരു സംഭവം നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇവിടം സുരക്ഷമാണെന്ന കരുതലാണ് ഉണ്ടായിരുന്നതെന്നാണ് അനുപ പ്രതികരിക്കുന്നത്. പൊലീസിൽ സംഭവത്തിൽ പരാതി നൽകിയെങ്കിലും കുട്ടികൾ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം തനിക്കില്ലെന്നും അനുപ പറയുന്നു. ഇവിടം അവർക്ക് സ്വന്തമെന്ന പോലെ തന്റെ മക്കൾക്കും സ്വന്തമാണ്. കൗൺസിലിംഗ് ഉൾപ്പെടെയുള്ളവ നൽകി കൗമാരക്കാരെ തിരുത്തണമെന്നാണ് അനുപ ആവശ്യപ്പെടുന്നത്.
നിയമനടപടിയുമായി മുന്നോട്ടുപോകും. ഇനിയാര്‍ക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനുള്ള നടപടിയാണ് വേണ്ടതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. എട്ട് വർഷമായി അയർലൻഡിൽ കഴിയുന്ന അനുപയുടെ മൂത്ത മകളാണ് വംശീയ ആക്രമണത്തിനിരയായത്. പെൺകുട്ടി അയർലൻഡിലാണ് ജനിച്ചത്. പത്ത് മാസം പ്രായമുള്ള മകന് ഭക്ഷണം നൽകാനായി അനുപ വീട്ടിലേക്ക് കയറിയ സമയത്തായിരുന്നു കൗമാരക്കാർ ആറ് വയസുകാരിയെ ആക്രമിച്ചത്.
അക്രമികളായ കൗമാരക്കാരെ താന്‍ പിന്നെയും കണ്ടുവെന്നും തന്നെ നോക്കി ഇവര്‍ കളിയാക്കി ചിരിക്കുകയും പരിഹസിക്കുകയും രൂക്ഷമായി നോക്കുകയുമാണെന്നും അനുപ ഐറിഷ് മിററിനോട് വെളിപ്പെടുത്തി. ഇന്ത്യക്കാർക്കെതിരായ അക്രമ സംഭവങ്ങൾ അയർലൻഡിൽ വർധിച്ച് വരികയാണ്. ജൂലൈയില്‍ മാത്രം മൂന്ന് ഇന്ത്യക്കാരാണ് അക്രമങ്ങള്‍ക്കിരയായത്. മൂന്നിടത്തും കൗമാരക്കാരുടെ സംഘമായിരുന്നു അക്രമികള്‍.