ഫ്രാൻസിലെ നെർസാക് എന്ന ചെറുപട്ടണത്തിലാണ് സംഭവം നടന്നിരിക്കുന്നത്. കാമുകന്റെ കൂടെ താമസിക്കാൻ രണ്ട് വർഷം സ്വന്തം മകനെ വീട്ടിൽ തനിച്ചാക്കി പോയി അമ്മ. (A mother left her son alone at home for two years to live with her boyfriend.) അമ്മ കാമുകനൊപ്പം താമസിക്കാൻ വേണ്ടി ഒമ്പത് വയസുള്ള കുട്ടിയെ ഫ്ലാറ്റിൽ തനിച്ചാക്കി പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2020 മുതൽ 2022 വരെയാണ് അമ്മ കുട്ടിയെ തനിച്ചാക്കി പോയത്. കുട്ടിയുടെ അമ്മയാവട്ടെ വെറും 5 കിലോമീറ്റർ മാത്രം അകലെയായി കാമുകന്റെ വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. മധുരപലഹാരങ്ങളും ടിന്നിലടച്ച ഭക്ഷണവും അയൽക്കാരുടെ ഇടയ്ക്കിടെയുള്ള സഹായവും ഒക്കെ കൊണ്ടാണ് കുട്ടി ഈ രണ്ട് വർഷം അതിജീവിച്ചത്. അമ്മ ഇടയ്ക്കിടയ്ക്ക് കുട്ടിക്ക് ഭക്ഷണം കൊണ്ടുകൊടുക്കുമായിരുന്നു. എന്നാൽ ഒരിക്കലും അവനെ കൂടെ കൊണ്ടുപോവുകയോ അവനൊപ്പം താമസിക്കുകയോ ചെയ്തിരുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
മാസങ്ങളോളം അയൽക്കാർക്കും കുട്ടികളുടെ അവസ്ഥയെ കുറിച്ച് അറിയില്ലായിരുന്നു. കുട്ടി തനിയെ ആയിരുന്നു സ്കൂളിലും പോയിക്കൊണ്ടിരുന്നത്. ഒടുവിൽ, അയൽക്കാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. ഒടുവിൽ പൊലീസെത്തി. കുട്ടി താൻ രണ്ട് വർഷമായി തനിച്ചാണ് എന്ന് പൊലീസിനോട് പറഞ്ഞു. വീട്ടിൽ ഒഴിഞ്ഞ ഫ്രിഡ്ജും, ഭക്ഷണം പൊതിഞ്ഞ കടലാസുകൾ നിറച്ച വേയ്സ്റ്റ് ബിന്നും കണ്ടെത്തി.
കുട്ടിയുടെ അമ്മയായ അലക്സാണ്ട്രയെ ചോദ്യം ചെയ്തപ്പോൾ അവർ ഇതെല്ലാം നിഷേധിക്കുകയായിരുന്നു. താൻ എന്നും മകനെ സ്കൂളിൽ കൊണ്ട് വിടാറുണ്ട് എന്നും അമ്മ പറഞ്ഞു. എന്നാൽ, ഇവരുടെ ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്ന് കണ്ടെത്തി. സ്വന്തം അയൽക്കാരോട് അമ്മ കുട്ടിയുള്ള കാര്യം തന്നെ മറച്ച് വയ്ക്കുകയായിരുന്നു.
അമ്മയെ 18 മാസത്തേക്ക് സസ്പെൻഡ് സെന്റൻസിന് വിധിച്ചു. അവർക്ക് ജയിലിൽ കിടക്കേണ്ടി വരില്ല. പക്ഷേ, ചില കണ്ടീഷൻസിന് കീഴിൽ ജീവിക്കേണ്ടി വരും. ആറ് മാസത്തേക്ക് ഇലക്ട്രോണിക് ആംഗ്ലറ്റ് ബ്രേസ്‍ലെറ്റും ധരിക്കേണ്ടി വരും. കുട്ടിയെ ഫോസ്റ്റർ കെയറിലാക്കിയിരിക്കുകയാണ്.