ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കിഴക്കൻ ലബനനിൽ 11 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്റൂട്ട് അടക്കം വിവിധ സ്ഥലങ്ങളിൽ ഒരേസമയമുണ്ടായ സ്ഫോടനങ്ങളിൽ നൂറുകണക്കിനു ഹിസ്ബുല്ല അംഗങ്ങൾ അടക്കം 2,750 പേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്നു ഹിസ്ബുല്ല ആരോപിച്ചു.
ഹിസ്ബുല്ല നേതാക്കളും ലബനനിലെ ഇറാൻ അംബാസഡർ മോജ്‌തബ അമാനിയും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു. കൈകാലുകളിലും മുഖത്തും പരുക്കേറ്റു ലബനൻ തെരുവുകളിൽ ഹിസ്ബുല്ല പ്രവർത്തകർ വീണുകിടക്കുന്ന വിഡിയോയും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.