50ാം പിറന്നാളിന്റെ നിറവിൽ ഹൃത്വിക്

Written by Web Desk1

Published on:

ബോളിവുഡിന്റെ സ്വന്തം ഹൃത്വിക് റോഷന്റെ 50-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കഹോനാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച വെള്ളാരംകണ്ണുള്ള യുവാവ് മനോഹരമായ പുഞ്ചിരി കൊണ്ടും ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ വളരെപ്പെട്ടന്ന് ചേക്കേറി. കോയി മില്‍ ഗയ , ക്രിഷ്, ധൂം 2 എന്നീ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ ഒരാളാക്കുകയും ചെയ്തു.

വേള്‍ഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോക സുന്ദരന്‍മാരുടെ പട്ടികയില്‍ മൂന്നാമതായി ഹൃത്വിക്കും ഇടം പിടിച്ചിരുന്നു. ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പ്, ബ്രാഡ് പിറ്റ് എന്നിവരെ പിന്തള്ളിയാണ് ഹൃത്വിക് മുന്‍നിരയിലെത്തിയത്.

1974 ജനുവരി 10 നാണ് ഹൃത്വികിന്റെ ജനനം. ആറു വയസ്സുള്ളപ്പോഴാണ് ഹൃത്വിക് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. അമ്മയുടെ പിതാവായിരുന്ന ജെ ഓം പ്രകാശിന്റെ ആഷാ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. ജിതേന്ദ്രയായിരുന്നു നായകന്‍. ചിത്രത്തില്‍ അഭിനയിച്ചതിന് മുത്തശ്ശന്‍ 100 രൂപ പ്രതിഫലം നല്‍കുകയും ചെയ്തു.

അന്തര്‍മുഖനായിരുന്ന ഹൃത്വിക് സ്‌കൂളില്‍ പോകാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. വിക്കുണ്ടായിരുന്ന ഹൃത്വികിനെ സഹപാഠികള്‍ കളിയാക്കിയതായിരുന്നു കാരണം. മാത്രമല്ല കൈവിരലുകളുടെ എണ്ണക്കൂടുതലും അദ്ദേഹത്തെ മറ്റുള്ളവര്‍ക്കു മുന്‍പില്‍ പരിഹാസ്യനാക്കി. സംസാരവൈകല്യം മാറ്റാന്‍ ബാല്യകാലത്ത് തുടര്‍ച്ചയായി സ്പീച്ച്‌തെറാപ്പിക്ക് വിധേയനാകുകയും ചെയ്തു. സ്‌കൂള്‍ കാലഘട്ടത്തില്‍ നടന്‍ ഉദയ് ചോപ്രയായിരുന്നു ഹൃത്വിക്കിന്റെ ആത്മാര്‍ഥ സുഹൃത്ത്. കുട്ടിക്കാലത്തും കൗമാരകാലത്തും ഹൃത്വിക് നേരിട്ടത് കടുത്ത പരീക്ഷണങ്ങളായിരുന്നു. നട്ടെല്ലിനെ ബാധിക്കുന്ന രോഗത്തെ തുടര്‍ന്ന് കടുത്ത വേദന അനുഭവിച്ചിരുന്നു. ഈ വേദന സഹിച്ചാണ് നൃത്തം പഠിച്ചത്.

See also  വില്ലന്‍ വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് വിജയ്‌ സേതുപതി

Leave a Comment