ഇന്ത്യയില്‍ വളരെ പ്രചാരമുളള മാട്രിമോണിയല്‍ ആപ്പുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് എന്നീ ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്ന് നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. സര്‍വീസ് ഫീസ് സംബന്ധിച്ച തര്‍ക്കത്തിലാണ് ഗൂഗിളിന്റെ നടപടി. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഇന്‍-ആപ്പ് പേയ്മെന്റുകള്‍ക്ക് 11% മുതല്‍ 26% വരെ ഫീസ് ചുമത്തുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാന്‍ ചില ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് തര്‍ക്കം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവ് നല്‍കരുതെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ഫീസ് ഈടാക്കുന്നതിനോ ആപ്പുകള്‍ നീക്കം ചെയ്യുന്നതിനോ ഗൂഗിളിന് അനുമതി ലഭിച്ചിരുന്നു. (Google Delists Indian Matrimony Apps)
ഇന്ത്യന്‍ വിപണിയില്‍ കനത്ത തിരിച്ചടിയായി ഗൂഗിളിന്റെ നടപടി. കോടിക്കണക്കിന് രൂപയുടെ പരസ്യവിപണിയെയും നടപടി ബാധിച്ചു. ഈ കമ്പനികള്‍ ധാരാളം പരസ്യങ്ങളായിരുന്നു വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഉപഭോക്താക്കള്‍ക്ക് ഇതൊരു കനത്ത നഷ്ടമായിരിക്കുമെന്ന് മാട്രിമോണിയല്‍ കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പ്രതികരിച്ചു. ‘ഞങ്ങളുടെ ആപ്പുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നു. എല്ലാ മുന്‍നിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനര്‍ത്ഥം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീക്കം ചെയ്യലിന് ശേഷം മാട്രിമോണി ഡോട്‌കോമിന്റെ ഓഹരികള്‍ 2.7 ശതമാനവും ഇന്‍ഫോ എഡ്ജിന്റെ 1.5 ശതമാനവുമായി ഇടിഞ്ഞു. ഗൂഗിള്‍ പ്ലേയില്‍ നിന്ന് ലഭിച്ച മൂല്യത്തിന് അനുസരിച്ചരിച്ചുളള പണം കമ്പനികള്‍ നല്‍കുന്നില്ലായെന്നാണ് ഗൂഗിളിന്റെ വിശദീകരണം.